
അബുദാബി> റമദാന് മുന്നോടിയായി യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി ആയിരത്തിലധികം തടവുകാരെ മോചിപ്പിക്കുന്നു. യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. 540 തടവുകാരെ മോചിപ്പിക്കാനാണ് ശൈഖ് ഖലീഫ ഉത്തരവിട്ടിരിക്കുന്നത്.
തടവിലാക്കപ്പെട്ടവരുടെ മോചനം അവർക്ക് പുതിയ ഒരു ജീവിതം ആരംഭിക്കാനും, കുടുംബത്തിലെ പ്രയാസം ലഘൂകരിക്കാനും അവസരം നൽകുമെന്നാണ് യുഎഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 659 പേർക്ക് വിടുതൽ ഉത്തരവിറക്കിയ വേളയിൽ പറഞ്ഞു.
പരിശുദ്ധ ദിനങ്ങളിൽ തടവുകാരുടെ കുടുംബങ്ങളിൽ സന്തോഷം ഉണ്ടാകുന്നത് ലക്ഷ്യംവെച്ച് 210 തടവുകാരെ മോചിപ്പിക്കുന്നതിനായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിറക്കി. 345 തടവുകാരെ മോചിപ്പിക്കാനാണ് റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഉത്തരവിറക്കിയത്. പുണ്യമാസത്തിൽ പൊതുജീവിതം ആരംഭിക്കാനും കുടുംബങ്ങൾക്ക് ആഹ്ലാദിക്കാനും കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
തടവുകാരെ എത്രയും വേഗത്തിൽ വിട്ടയയ്ക്കാൻ റാസൽഖൈമ കിരീടാവകാശിയും ജുഡീഷ്യൽ കൗൺസിൽ മേധാവിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ സൗദ് നിയമപാലകരോട് ആവശ്യപ്പെട്ടു. 82 തടവുകാരെ മോചിപ്പിക്കുന്നതിന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും ഉത്തരവിറക്കി.
മാനുഷിക നീതിയും കരുണയും സഹാനുഭൂതിയും ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യം ഏവരിലും എത്തിക്കുവാനുള്ള ഭരണാധികാരികളുടെ ഇത്തരം പ്രവർത്തനങ്ങളെ പൊതുസമൂഹം ബഹുമാനത്തോടെയാണ് കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]