
ന്യൂഡൽഹി
കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിന്റെ തേർവാഴ്ചയിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ തൊഴിലാളിവർഗം നടത്തിയ 48 മണിക്കൂർ പണിമുടക്കിന് ആവേശകരമായ പരിസമാപ്തി. സർവമേഖലയിലെയും തൊഴിലാളികൾ രണ്ടാം നാളിലും വർധിതവീര്യത്തോടെ പണിമുടക്കിൽ തുടർന്നു. ഭീഷണികളും അപവാദപ്രചാരണങ്ങളും സമരാഗ്നി കെടുത്തിയില്ല.
മഹാരാഷ്ട്ര, അസം, തമിഴ്നാട്, കർണാടക, ഹരിയാന, ഡൽഹി തലസ്ഥാനമേഖല എന്നിവിടങ്ങളില്‍ ബഹുരാഷ്ട്രക്കമ്പനികളിൽ അടക്കം തൊഴിലാളികൾ പണിമുടക്കി. ചണം, തോട്ടം മേഖലകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. നിർമാണ, ബീഡി തൊഴിലാളികളും വഴിയോരക്കച്ചവടക്കാരും റോഡ് ഉപരോധത്തില്‍ അണിചേര്‍ന്നു. പുതിയ പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർവീസുകളിലെ യുവജീവനക്കാരും പങ്കാളികളായി. വൈദ്യുതി, എണ്ണ, ഗതാഗത മേഖലകളിൽ രണ്ടാം നാളിലും പണിമുടക്ക് ശക്തമായിരുന്നു.
ജാർഖണ്ഡിൽ ചൊവ്വാഴ്ച കൂടുതൽ ഗതാഗതത്തൊഴിലാളികൾ പണിമുടക്കി. അസമിൽ എണ്ണസംസ്കരണശാലകൾക്കു മുന്നിലെ ഉപരോധം ശക്തിയാർജിച്ചു. പുതുച്ചേരിയിൽ പണിമുടക്ക് ഹർത്താലായി. രാജ്യമെമ്പാടും ആയിരക്കണക്കിനു കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിലും റോഡ്–- റെയിൽ ഉപരോധത്തിലും ലക്ഷക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ഡൽഹിയിൽ നടന്ന പ്രകടനത്തിലും യോഗത്തിലും ആയിരക്കണക്കിനു തൊഴിലാളികൾ അണിനിരന്നു. കർഷകത്തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവർ പിന്തുണയുമായി രംഗത്തുവന്നു. സംയുക്ത കിസാൻമോർച്ചയുടെയും കർഷകത്തൊഴിലാളി സംഘടനകളുടെയും ആഹ്വാനപ്രകാരം ഗ്രാമീണ ഹർത്താലും ആചരിച്ചു.
ആഗോള ശ്രദ്ധ ആകർഷിച്ച പണിമുടക്കിന് രാജ്യാന്തര തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഐക്യദാർഢ്യവും ലഭിച്ചു. വിവിധ തുറമുഖങ്ങളിൽ നങ്കൂരമിട്ടിരിക്കുകയും സമുദ്രങ്ങളിൽ സഞ്ചരിക്കുകയും ചെയ്യുന്ന ചരക്കുകപ്പലുകളിലെ ജീവനക്കാർ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസും പിന്തുണയും ഐക്യദാർഢ്യവും നൽകി. തൊഴിലാളി ഐക്യം ശക്തിപ്പെടുത്താനും താഴെത്തട്ടുകളിലേക്ക് വ്യാപിപ്പിക്കാനും സിഐടിയു ആഹ്വാനം ചെയ്തു.
കേരളത്തിൽ 1.25 കോടി പേർ
കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് കേരളത്തിൽ പൂർണം. 1.25 കോടി ജനങ്ങൾ തൊഴിൽമേഖല സ്തംഭിപ്പിച്ച് പണിമുടക്കിൽ 48 മണിക്കൂറും പങ്കാളിയായതായി സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ദേശാഭിമാനിയോട് പറഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരമുള്ള ഡയസ്നോൺ സർക്കാർ ജീവനക്കാർ തള്ളി. പണിമുടക്കിന്റെ രണ്ടാം ദിവസം സെക്രട്ടറിയറ്റിൽ ആകെയുള്ള 4829 ജീവനക്കാരിൽ 176 പേർ മാത്രമാണ് ജോലിക്കെത്തിയത്. സംസ്ഥാനത്താകെ സർക്കാർ സർവീസിലുള്ള 5.50 ലക്ഷം ജീവനക്കാരിൽ അവശ്യ സർവീസായ പൊലീസ്, ആരോഗ്യം, ദുരന്ത നിവാരണ വിഭാഗം എന്നിവിടങ്ങളിലുള്ളവരൊഴികെ മുഴുവൻ പേരും പണിമുടക്കിൽ പങ്കാളികളായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]