
കോഴിക്കോട്
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ പത്ത് കഥകൾ സിനിമകളാകുന്നു. എം ടി തന്നെ തിരക്കഥ ഒരുക്കുന്ന സിനിമകളിൽ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ളവരാണ് അഭിനയിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സമാഹാരം(ആന്തോളജി) കാഴ്ചക്കാരിലെത്തുക. ഏപ്രിലിൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. ഏഴുസിനിമയുടെ ചിത്രീകരണം പൂർത്തിയായി. എം ടിയുടെ മകൾ അശ്വതിയും സംവിധായികയാകുന്നു. ‘വിൽപന’യാണ് അശ്വതി സംവിധാനം ചെയ്തത്.
എം ടി യുടെ ആത്മാംശം ഉൾച്ചേർന്ന ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പി’ൽ മമ്മൂട്ടിയാണ് നായകൻ. സംവിധാനം ലിജോ ജോസ് പെല്ലിശേരി. പ്രിയദർശന്റെ ‘ശിലാലിഖിത’ത്തിൽ ശാന്തികൃഷ്ണയും ബിജുമേനോനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. അരനുറ്റാണ്ട് മുമ്പിറങ്ങിയ ‘ഓളവും തീരവും’ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ പുനരാവിഷ്കരിക്കുന്നു. ജയരാജ് സംവിധാനംചെയ്യുന്ന ‘സ്വർഗം തുറക്കുന്ന സമയ’ത്തിൽ നെടുമുടി വേണുവും ഇന്ദ്രൻസും അഭിനയിച്ചു. ശ്യാമപ്രസാദിന്റെ ‘കാഴ്ച’യിൽ പാർവതി തിരുവോത്തും നരേനുമാണ്. ‘അഭയം തേടി’യാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്തത്. സിദ്ദിഖാണ് കേന്ദ്ര കഥാപാത്രം. ഫഹദും നദിയാമൊയ്തുവും വേഷമിട്ട ‘ഷെർലകി’ന്റെ സംവിധാനം മഹേഷ്നാരായണൻ. ‘കടൽക്കാറ്റ്’ ഒരുക്കുന്നത് രതീഷ് അമ്പാട്ടാണ്. ന്യൂസ് വാല്യൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർഎസ്പിജിയാണ് നിർമാണം. സുധീർ അമ്പലപ്പാട് ലൈൻ പ്രൊഡ്യൂസർ. അശ്വതി വി നായരാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. സിനിമ നെറ്റ്ഫ്ലിക്സിൽ അവതരിപ്പിക്കുക നടൻ കമൽഹാസനാണ്. കേരളത്തിന് പുറമെ കാനഡ, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]