
കാലം പോറലേല്‍പ്പിക്കാത്ത മൂല്യങ്ങളുടെ ഓര്‍മപ്പെടുത്തലുമായി ഇന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വയസ്. ജീവിതം പോലെ തന്റെ മരണവും മതേതരത്വമെന്ന വലിയ മൂല്യത്തിന്റെ സന്ദേശമാക്കിയ ഗാന്ധിജി ഇന്ത്യയ്ക്കും ലോകത്തിനും മാര്‍ഗദീപമാണ്. ഡൽഹിയിലെ ബിർല ഹൗസിനടുത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയ ഗാന്ധിയെ ഹിന്ദു തീവ്രാദിയായ നാഥുറാം വിനായക് ഗോഡ്സെയാണ് വെടിവെച്ച് കൊന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വർഗീയകലാപങ്ങൾ ഇല്ലാതാക്കി സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിൽ വാപൃതമായിരിക്കെയാണ് ഗാന്ധിയെ കൊലപ്പെടുത്തിയത്.
ഒരു ദീപനാളത്തിന്റെ ശൂന്യതയും പേറിയുളള ഈ രാജ്യത്തിന്റെ യാത്രയ്ക്ക് ഏഴുപത്തിയഞ്ചാണ്ട്. ഋതുക്കള്‍ പലകുറി വന്നുപോയി. അന്ന് നെഞ്ചലച്ചവരും അവരുടെ പിന്‍തലമുറയും കടന്നുപോയി. ഇടനെഞ്ചില്‍ ഒരു നോവുപേറി ഇന്ത്യ ആകെ മാറി. അഹിംസയും അക്രമരാഹിത്യവും ചര്‍ക്കയും സ്വാശ്രയത്വവും പൊടിയേല്‍ക്കാതെ ചില്ലിട്ടുവച്ച ഇന്നലെയുടെ നീക്കിയിരിപ്പായി. ബാക്കിവച്ചുപോയ ഭൗതികശേഷിപ്പുകളില് മാത്രം ഗാന്ധിജിയെ കാണുന്നവരായി നമ്മള്. അതുകൊണ്ടാവണം അന്ന് മൂന്ന് വെടിയുണ്ടകള്‍ കൊണ്ട് നവചരിതം നിര്‍മിക്കാന്‍ ഒരുമ്പെട്ടവരുടെ ഉണങ്ങിയ വേരുകളില്‍ നിന്ന് നമ്മുടെ കണ്മുന്നില് പുതിയ നാമ്പുകള്‍ മുളയ്ക്കുന്നത് . നവഭാരതത്തിന് മതനിറം നല്കാന് വെമ്പല്‍കൊണ്ടവര്‍ക്ക് പ്രതിബന്ധമായിരുന്നു ഗാന്ധി.
1948 ജനുവരിയിലെ രണ്ടാമത്തെ ശ്രമത്തിലാണ് ഹിന്ദുത്വ ഭീകരവാദികൾ മഹാത്മാഗാന്ധിയുടെ ജീവനെടുക്കുന്നതിൽ വിജയിച്ചത്. ജനുവരി 20 ന് ഡൽഹിയിലെ ബിർലാഹൗസിനടുത്ത് ഒരു പാർക്കിൽ പൊതുപ്രസംഗത്തിനിടെ ഗാന്ധിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആർ എസ് എസിലും ഹിന്ദുമഹാസഭയിലും പ്രവർത്തിച്ച നാഥുറാംവിനായക് ഗോഡ്സേയുടെ നേതൃത്വത്തിലായിരുന്നു വധശ്രമം. ഗാന്ധി സംസാരിക്കുമ്പോൾ ഗോഡ്സെയുടെ സംഘത്തിലെ ഒരാൾ ഒരു ഗ്രനേഡ് ആൾക്കൂട്ടത്തിൽ നിന്ന് ദൂരേക്ക് എറിയുന്നു. സ്ഫോടന ശബ്ദം കേട്ട് ആളുകൾ ചിതറിയോടി. അപ്പോൾ ഗാന്ധിയ്ക്ക് നേരെ ഗ്രനേഡ് എറിയുക എന്നതായിരുന്നു പദ്ധതി. എന്നാൽ ആ ദൗത്യം ഏൽപ്പിക്കപ്പെട്ട മദൻലാൽ പഹ്വയ്ക്ക് കൃത്യം ചെയ്യാൻ കഴിഞ്ഞില്ല. രണ്ടാം ഗ്രനേഡ് എറിയാതെ അയാൾ ഓടിപ്പോയി.
അതിനുശേഷം വെറും പത്തു ദിവസത്തിന് ശേഷമാണ് ബിർല ഹൗസിനടുത്ത് തന്നെ പ്രാർത്ഥനാപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്സെ വെടിവെച്ചു കൊന്നത്. സർദാർ വല്ലഭായ് പട്ടേലുമായുള്ള കൂടിക്കാഴ്ച അൽപം നീണ്ടുപോയ ഗാന്ധി പ്രാർത്ഥനയ്ക്ക് അൽപം വൈകിയാണ് ഇറങ്ങുന്നത്. സന്തത സഹചാരികളായ മനു ഗാന്ധി, ആഭ ഗാന്ധി എന്നിവർക്കൊപ്പമാണ് ഗാന്ധി നടന്നു നീങ്ങിയത്. 200 അടിയായിരുന്നു ഗാന്ധിയുടെ അവസാന സഞ്ചാരത്തിന്റെ ദൈർഘ്യം . ആൾക്കൂട്ടത്തിൽ നിന്ന് തിക്കിത്തിരക്കി തന്റെ മുന്നിലേക്ക് വന്ന ഗോഡ്സേയുടെ മുന്നിൽ ആ യാത്ര അവസാനിച്ചു.
The post ഗാന്ധിയില്ലാത്ത ഇന്ത്യ; ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് 75 വയസ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]