

തിരുവനന്തപുരം: കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ്. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 112 എന്ന പോലീസ് കൺട്രോൾ റൂം നമ്പറിൽ വിളച്ച് അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയി 16 മണിക്കൂറുകൾ പിന്നിടുമ്പോഴും അന്വേഷണം ഊർജ്ജിതമാക്കുകയാണ് പോലീസ്. നിർണായക വിവരങ്ങൾ ലഭിച്ചതായി ദക്ഷിണ മേഖല ഐജി സ്പർജ്ജൻ കുമാർ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സൈബർ വിവരങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. വിവിധ ടീമുകളായി തിരിഞ്ഞ്, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാതെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഇതിനിടെ അന്വേഷണസംഘത്തിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തരപുരത്ത് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ശ്രീകണ്ഠശ്വരത്തെ കാർ വാഷിംഗ് സെന്ററിൽ പോലീസ് പരിശോധനയും നടത്തി. ഇവിടെ നിന്ന് പണവും രേഖകളും കണ്ടെടുത്തതായാണ് വിവരം.