

നവകേരള സദസിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട. ഷൈൻ ചെയ്യാൻ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തിൽ ചിലയാളുകൾ പങ്കെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ഗുണ്ടകൾക്കൊപ്പമാണ് നടക്കുന്നത്. പിണറായി വിജയന് പൊലീസിൽ വിശ്വാസമില്ലെന്നും കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കായി ഗുണ്ടാ പണി ചെയ്യുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ജീവൻ രക്ഷാപ്രവർത്തനം ഇതാണെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേരത്തെ നവകേരള സദസിന്റെ കോഴിക്കോട് നടന്ന പ്രഭാതയോഗത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു. കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ അബൂബക്കർ, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശേരിയിലെ യോഗത്തിൽ പങ്കെടുത്തത്.