
സ്വന്തം ലേഖകൻ
കോട്ടയം : നഗരസഭയിലെ താൽക്കാലിക ജീവനക്കാരായ ശുചീകരണ തൊഴിലാളികൾക്ക് അഞ്ചുമാസമായി ശമ്പളമില്ല. കരാർ അടിസ്ഥാനത്തിൽ നിയമിച്ച പതിനഞ്ചോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ശമ്പളം മുടങ്ങിയതോടെ ഗതികേടിലായത്. തുച്ഛമായ വേതനമാണ് ഇവർക്കു ലഭിക്കുന്നത് . അതുപോലും കൃത്യമായി നൽകാൻ നഗരസഭയ്ക്കാവുന്നില്ല. ചോദ്യം ചെയ്താൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തടിയൂരും..!!
പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി കുംഭനിറയ്ക്കുന്ന നഗരസഭയ്ക്കാണ് പട്ടിണിപ്പാവങ്ങളായ തൊഴിലാളികൾക്ക് കൂലി നൽകാൻ കഴിയാത്തത്. ഇതോടെ സാധാരണക്കാരായ ഇവരുടെ കുടുംബങ്ങൾ കൂടിയാണ് പട്ടിണിയിലാകുന്നത്.
അഞ്ചുമാസമായി ശമ്പളം മുടങ്ങിയിട്ടും യാതൊരു നീരസവും കാട്ടാതെയാണ് തൊഴിലാളികൾ രാവന്തിയോളം പണിയെടുക്കുന്നത്. മാലിന്യ കുമ്പാരമായ നാടും നഗരവുമെല്ലാം നേരം പുലരും മുമ്പേ വൃത്തിയാക്കുന്ന ഈ തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കാൻ നഗരസഭയ്ക്ക് എങ്ങനെ സാധിക്കുന്നു.
നാണമുണ്ടോ ഭരണാധികാരികളെ നിങ്ങൾക്ക്? നിങ്ങൾ മൂക്കുമുട്ടെ തിന്നുന്നില്ലേ..? ഒരു നേരത്തെ അന്നത്തിനായി ദിവസക്കൂലിക്ക് ജോലി ചെയ്യാൻ എത്തിയ പാവങ്ങളോട് വേണോ ഈ ക്രൂരത.
ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ കോട്ടയം നഗരസഭ ഒട്ടും പിന്നോട്ടല്ല.
കെട്ടിട നികുതിയുടെ പേരിൽ കോടിക്കണക്കിന് രൂപയാണ് അനധികൃതമായി കോട്ടയം നഗരസഭ പിരിച്ചെടുത്തത്.
കെട്ടിട നികുതി അരിയർ മൂന്ന് വർഷത്തിൽ കൂടുതൽ പിരിച്ചെടുക്കരുത് എന്ന് മുനിസിപ്പൽ നിയമത്തിൽ തന്നെ പറഞ്ഞിട്ടും കോട്ടയം നഗരസഭ ആറ് വർഷത്തെ കുടിശിഖ ഒന്നാകെ പിരിച്ചു. കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൻ അനധികൃതമായി പിരിച്ചെടുത്തത്. ഗതികെട്ട കെട്ടിട ഉടമകൾ ഒടുവിൽ ഹൈക്കോടതിയെ സമീപിച്ച് കൊളളപ്പിരിവിന് സ്റ്റേ വാങ്ങുകയായിരുന്നു.
കോട്ടയത്തെവ്യാപാരി സമൂഹത്തെയും കെട്ടിട ഉടമകളെയും കൊള്ളയടിച്ച് കോടികൾ തട്ടിയിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും നഗരസഭയ്ക്ക് വരുമാനം ഇല്ല.
അക്ഷരനഗരിക്ക് കളങ്കം വരുത്തുന്ന തരത്തിലാണ് കോട്ടയം നഗരസഭയുടെ ജനദ്രോഹഭരണം..!
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]