
സ്വന്തം ലേഖകൻ
തിരുവല്ല: സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം മോഷണ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂന്ന് സ്ത്രീകൾ തിരുവല്ല പൊലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ ദുർഗാ ലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവരാണ് പിടിയിലായത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിതാവിന്റെ ചികിത്സയുടെ ഭാഗമായി എത്തിയ തിരുവൻവണ്ടൂർ സ്വദേശിനിയുടെ മുപ്പതിനായിരം രൂപയും എ.ടി.എം കാർഡുകളും അടങ്ങുന്ന പേഴ്സ് മോഷ്ടിച്ച സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇവരിൽ നിന്നും വില കൂടിയ അഞ്ച് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആശുപത്രിയുടെ ബില്ലിങ് സെക്ഷനിൽ നിൽക്കുമ്പോഴാണ് ബാഗിൽ നിന്നും മൂവരും ചേർന്ന് പേഴ്സ് മോഷ്ടിച്ചത്. ബിൽ അടക്കാനായി ബാഗ് തുറന്നപ്പോഴാണ് പേഴ്സ് മോഷണം പോയ വിവരം ഉടമ അറിഞ്ഞത്.
ഉടൻ തന്നെ തിരുവല്ല പൊലീസിൽ വിവരം അറിയിച്ചു. ആശുപത്രിയിലെ ബിൽ കൗണ്ടറിന് സമീപത്തെ സി.സി.ടി.വിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ച പൊലീസ് തിരുവല്ല വൈ.എം.സി.എ ജങ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തു നിന്നുമാണ് പ്രതികളെ പിടികൂടിയത്.
മോഷണ ശേഷം ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ട പ്രതികൾ തിരുവല്ല ബി.എസ്.എൻ.എൽ ജങ്ഷനിൽ ഇറങ്ങുന്നതിന്റെയും തുടർന്ന് ബസ്സിൽ പൊടിയാടിയിൽ എത്തുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സമീപ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് ചിത്രം കൈമാറിയതോടെ പ്രതികൾ ആലപ്പുഴ നഗരത്തിൽ എത്തിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ തിരുവല്ലയിൽ നിന്നും പിടിയിലായത്.
ബസ്സുകളിലും ആശുപത്രി ക്യാഷ് കൗണ്ടറുകൾക്ക് സമീപവും തിരക്ക് സൃഷ്ടിച്ചശേഷം മോഷണം നടത്തുന്നതാണ് ഇവരുടെ രീതി എന്ന് പൊലീസ് പറഞ്ഞു. മോഷണ കേസുകളിൽ പിടിക്കപ്പെടുമ്പോൾ ഇവർ വിവിധ പേരുകളാണ് പറയുന്നതെന്ന് സി.ഐ പറഞ്ഞു. വിരലടയാളം പരിശോധിച്ചതിലൂടെയാണ് പിടിയിലായ സംഘം 30 ഓളം കേസുകളിൽ പിടികിട്ടാപ്പുള്ളികൾ ആണെന്ന് വ്യക്തമായത്.
സി.ഐ സുനിൽ കൃഷ്ണൻ, എസ്.ഐമാരായ പി.കെ. കവിരാജ്, നിത്യ സത്യൻ, സി.പി.ഒമാരായ അവിനാശ്, മനോജ്, അഖിലേഷ്, ഉദയശങ്കർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]