
സ്വന്തം ലേഖകൻ
വടവാതൂര്‍: കട്ടില് വിതരണത്തിനിടെ വിജയപുരം പഞ്ചായത്തില്‍ ഐസിഡിഎസ് സൂപ്പര്‍വൈസറെ പഞ്ചായത്തംഗം കൈയേറ്റം ചെയ്തെന്നു പരാതി. ഇതുസംബന്ധിച്ച് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രമ്യ നാരായണന് വനിത -ശിശു വികസനവകുപ്പ് അധികൃതര്‍ക്കും എന്‍ജിഒ യൂണിയനും പരാതി നല്കി.
ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് സംഭവം. വിജയപുരം പഞ്ചായത്തിലെ മാങ്ങാനം 11-ാം വാര്‍ഡിലെ അങ്കണവാടിയിലെ കുടുംബാരോഗ്യകേന്ദ്രലാണു കട്ടില് വിതരണം നടന്നത്. 8,9, 10, 11 വാര്‍ഡുകളിലെ വയോജനങ്ങള്ക്കാണു കട്ടില് വിതരണം നടത്തുന്നത്. ഒരു വാര്‍ഡില്‍ അഞ്ച് പേര്‍ക്കെന്ന രീതിയില്‍ 20 കട്ടിലാണു വിതരണത്തിന് എത്തിച്ചത്.
12.15നു ഒൻപതാം വാര്‍ഡ് അംഗം പി.ഡി. ബിജു വിതരണസ്ഥലത്തെത്തുകയും തന്റെ വാര്‍ഡില്‍വച്ച് വിതരണം നടത്തണമെന്നാവശ്യപ്പെട്ടു സൂപ്പര്വൈസര്ക്കുനേരെ ബഹളംവച്ചു. നട്ടാശേരി, വടവാതൂര്‍, മാങ്ങാനം എന്നിങ്ങനെ മൂന്നു സ്ഥലങ്ങളില്‍ വിതരണം ചെയ്യാനാണു പഞ്ചായത്ത് തീരുമാനമെന്നും മറ്റുസ്ഥലങ്ങളില്‍ വിതരണം ചെയ്യാന്‍ സാധിക്കില്ലെന്നും ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ പറഞ്ഞു.
ഒരു ഗുണഭോക്താവിനായി ബലമായി ഒരു കട്ടില് കൊണ്ടുപോകാന്‍ ശ്രമിച്ച ബിജുവിനെ സൂപ്പര്‍വൈസര്‍ തടഞ്ഞു. കൈപ്പറ്റ് രേഖയില്‍ ഗുണഭോക്താവ് ഒപ്പിട്ട് നല്‍കണമെന്ന് സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതില്‍ പ്രകോപിതനായ ബിജു സൂപ്പര്‍വൈസറുടെ കൈയില്‍ പിടിച്ചു തിരിച്ചു. കട്ടില് വിതരണത്തിന് സഹായത്തിനെത്തിയ അങ്കണവാടി ജീവനക്കാര്‍ ഇടപെട്ട് ബിജുവിനെ പിടിച്ചു മാറ്റുകയുമായിരുന്നു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]