
സ്വന്തം ലേഖിക
ചേരാനെല്ലൂര്‍: ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ ബന്ധുക്കള്‍.
ചേരാനെല്ലൂര്‍ സ്വദേശി ഒഴുക്കത്തുപറമ്പില്‍ സാബുവിന്റെ മകള്‍ അനഘലക്ഷ്മി (23)യുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും വീട്ടുകാരുമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍ത്താവായ കലൂര്‍ തറേപ്പറമ്പില്‍ രാകേഷിൻ്റെ (അപ്പു) വീട്ടില്‍ ഏപ്രില്‍ 24-നാണ് അനഘലക്ഷ്മി (23) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. എന്നാല്‍, അനഘയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അനഘയുടെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്കി. അനഘയുടെ ഭര്‍ത്താവ് രാകേഷിന്റെ വഴിവിട്ട ജീവിതവും ഭര്‍തൃവീട്ടിലെ പീഡനവുമാണ് യുവതിയുടെ മരണത്തിന് പിന്നിലെന്നാണ് ആരോപണം.
അനഘ ലക്ഷ്മിയും രാകേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ഏകദേശം നാലുവര്ഷത്തോളമുള്ള പ്രണയത്തെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരായത്. മകളുടെ പിടിവാശിയിലാണ് വിവാഹം നടത്തിയതെന്ന വാദമാണ് അനഘലക്ഷ്മിയുടെ വീട്ടുകാര്‍ ഉന്നയിക്കുന്നത്.
അതേ സമയം രാകേഷ് മയക്കുമരുന്ന് അടിമയാണെന്ന് ആരോപണവും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്. രാകേഷിൻ്റെ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് അനഘലക്ഷ്മി ഭര്‍ത്താവിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകാറുണ്ടായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അനഘ ലക്ഷ്മിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
രാകേഷിന് രാത്രി യാത്രകള്‍ പതിവായിരുന്നു. മഴക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടതാണ് രാകേഷ് രാത്രി യാത്രകള്‍ ചെയ്തിരുന്നത് എന്നാണ് അനഘ ലക്ഷ്മിയുടെ ബന്ധുക്കളുടെ ആരോപണം. ഈ യാത്രകളില്‍ അനഘയെയും രാകേഷ് കൂടെ കൂട്ടാറുണ്ടായിരുന്നു.
ഇത്തരം യാത്രകള്‍ ചെയ്യുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ക്രൂരമായ മര്‍ദ്ദനം ആയിരുന്നു രാകേഷനില് നിന്ന് നേരിടേണ്ടി വന്നിരുന്നതെന്നും ബന്ധുക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല അനഘയെ മയക്കുമരുന്ന് കച്ചവടത്തിന് രാകേഷ് ഉപയോഗിച്ചിരുന്നു എന്നുള്ള വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പീഡനങ്ങളും മാനസിക വിഷമവും സഹിക്കവയ്യാതെയാണ് അനഘ ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. അതേസമയം അനഘ മരിച്ച വിവരം മറ്റെല്ലാവരെയും രാകേഷ് വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ അനഘയുടെ ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചില്ല. വളരെ വൈകി മാത്രമാണ് അനഘയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ മരണം അറിയുന്നത്.
പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ചുള്ള തെളിവുകള്‍ ഈ സമയത്ത് രാകേഷിന് നശിപ്പിക്കാന്‍ കഴിഞ്ഞു കാണുമെന്നും അനഘയുടെ ബന്ധുക്കള്‍ പറയുന്നുണ്ട്.
തൻ്റെ മകളുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് അനഘയുടെ അച്ഛന് സാബുവും അമ്മ സുഗന്ധിയും പൊലീസിനു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം അനഘയുടെ മരണം സംബന്ധിച്ച് രാകേഷിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ നിസ്സാര വകുപ്പുകള്‍ ചുമത്തി അന്നുതന്നെ വിട്ടയയ്ക്കുകയാണുണ്ടായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നിലേക്ക് യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നാണ് അനഘയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതും. അതേസമയം പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]