
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായ പരിധിയിൽ മാറ്റമില്ല. 5 വയസ്സിൽ തന്നെ പ്രവേശനം നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
കാലങ്ങളായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന രീതി ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന്റെ പ്രായപരിധി ആറ് വയസാക്കി കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വര്‍ധിപ്പിക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു.
അഞ്ച് വയസില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അക്കാദമിക വര്‍ഷവും അതിനുള്ള അവസരം ലഭിക്കാന്‍ ആണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്കൂൾ പ്രായത്തിൽ ഉള്ള മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു. പഠനത്തുടർച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു.
കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എന്നാൽ ദേശീയ അടിസ്ഥാനത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേന്ദ്രസർക്കാർ കണക്കനുസരിച്ച് സ്കൂൾ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികൾ സ്കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്കൂളിങ് 6.7 വർഷമാണ്. കേരളത്തിലാണെങ്കിൽ ഇത് 11 വർഷത്തിൽ കൂടുതലാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]