
പ്രത്യേക ലേഖകൻ
ന്യൂഡൽഹി
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിൽ ചർച്ച നടന്നുവെന്നും ചില അംഗങ്ങൾ പദ്ധതിയുടെ കാര്യത്തിൽ കേരളഘടകത്തിനു മുന്നറിയിപ്പ് നൽകിയെന്നുമുള്ള മാധ്യമവാർത്തകൾ അസംബന്ധമാണെന്ന് പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇക്കാര്യം യോഗത്തിന്റെ അജൻഡയിൽപോലും ഉണ്ടായിരുന്നില്ല. സിൽവർ ലൈൻ സംസ്ഥാന സർക്കാർ വിഷയമാണ്. ഇതേപ്പറ്റി കേന്ദ്രകമ്മിറ്റിയോ പാർടി കോൺഗ്രസോ ചർച്ച ചെയ്യേണ്ടതില്ല– -യെച്ചൂരി ‘ദേശാഭിമാനി’യോട് പ്രതികരിച്ചു.
റെയിൽവേയ്ക്ക് 49 ശതമാനവും സംസ്ഥാന സർക്കാരിന് 51 ശതമാനവും ഓഹരിനിക്ഷേപമുള്ള കെ റെയിൽ കമ്പനി ആവിഷ്കരിച്ച പദ്ധതിയാണ് സിൽവർ ലൈൻ. ഇതിൽ മൂന്നു കാര്യങ്ങളാണ് പ്രധാനം. പരിസ്ഥിതിക്ക് കോട്ടം വരുത്തരുത്. ജനങ്ങളെ നിർബന്ധപൂർവം ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കരുത്. അവർക്കു മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം. ഇതെല്ലാം പാലിക്കപ്പെട്ട് പദ്ധതി നടപ്പാക്കണം.
പദ്ധതിയുടെ നിർവഹണസാധ്യത കൃത്യമായി പഠിക്കാനുള്ള സർവേയാണ് ഇപ്പോൾ നടക്കുന്നത്. പഠനങ്ങൾ നടക്കട്ടെ. അതിനെ പ്രതിപക്ഷം എതിർക്കുന്നത് എന്തിനാണ്? കേരളത്തിലെ പ്രതിപക്ഷം സിൽവർ ലൈൻ പദ്ധതിക്കെതിരെ ഇപ്പോൾ ഉയർത്തുന്ന പ്രതിഷേധത്തിനു ന്യായമില്ല.
സിൽവർ ലൈനും ബുള്ളറ്റ് ട്രയിനും തമ്മിൽ നടത്തുന്ന താരതമ്യങ്ങൾ വിഡ്ഢിത്തമാണെന്ന് യെച്ചൂരി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]