
തൃശൂർ > കോർപറേറ്റുകൾക്ക് കേന്ദ്രസർക്കാർ അനുവദിച്ച രണ്ടുലക്ഷം കോടി നികുതിയിളവിന്റെ ബാധ്യത തീർക്കുന്നത് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് അഞ്ചുലക്ഷം കോടി വില വർധിപ്പിച്ചാണെന്ന് എൽഡിഎഫ് കൺവീനർ എ വിജയ രാഘവൻ. ജനങ്ങളെ തുടർച്ചയായി വഞ്ചിക്കുന്ന കേന്ദ്രസർക്കാരിന്റെ കാപട്യം പകൽപോലെ വ്യക്തമായി. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് തൃശൂർ കോർപറേഷൻ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാഷ്ട്രങ്ങളിൽ വൻ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത കാലത്ത് ഇന്ത്യ തകരാതെ കാത്തുസൂക്ഷിച്ചത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും ഉൾപ്പെടെ എല്ലാം വിറ്റുതുലയ്ക്കുകയാണ് കേന്ദ്രസർക്കാർ. കോവിഡ് വ്യാപനകാലത്ത് ലോകത്തുതന്നെ ജനങ്ങൾക്ക് ഏറ്റവും കുറവ് ഉത്തേജക പാക്കേജ് നടപ്പാക്കിയ രാജ്യം ഇന്ത്യയാണ്. മാത്രമല്ല, പ്രഖ്യാപിച്ച പാക്കേജുകളിലെ ആനുകൂല്യങ്ങളിൽ അധികവും വൻകിട കോർപറേറ്റുകൾ തട്ടിയെടുത്തു.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കൽ, കാർഷികമേഖലയും തൊഴിലാളികളെയും തകർച്ചയിലാക്കി, സമ്പന്നരുടെ താൽപ്പര്യം മാത്രം നടപ്പാക്കുന്ന ഭരണാധികാരികളായി മോദിസർക്കാർ മാറിക്കഴിഞ്ഞു. ജീവൻരക്ഷാ മരുന്നുകളുടെ വില ഇരട്ടിയിലധികമാക്കി. കെട്ടിട നിർമാണ സാധനങ്ങളുടെ വില കുത്തനെ ഉയർത്തി. സാധാരണക്കാരന്റെ വേദന മോദിസർക്കാരിന് മനസിലാകില്ല. പക്ഷേ, അത് സാധാരണക്കാരന് മനസിലാകും. അവർ മോദിയെ തിരുത്തിക്കുകതന്നെ ചെയ്യും.
ജീവിക്കാനുള്ള അവകാശത്തിനായി പോരടിക്കുന്ന തൊഴിലാളിയുടെ അവസാന ആയുധമാണ് പണിമുടക്ക്. സ്വന്തം കൂലി ഒഴിവാക്കിയാണ് അവൻ നാടാകെയുള്ള സാധാരണക്കാരനുവേണ്ടി സമരം നടത്തുന്നത്. ഒരേ മനസോടെയുള്ള തൊഴിലാളികൾ തുടരുന്ന പ്രക്ഷോഭങ്ങളാണ് രാജ്യത്ത് ബാക്കിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]