
ന്യൂഡൽഹി> എട്ട് സംസ്ഥാനങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിൽ അതാത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ലക്ഷദ്വീപ്, മിസോറാം, നാഗാലാൻഡ്, മേഘാലയ, ജമ്മുകശ്മീർ, അരുണാചൽ, മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്ന ഹർജയിലാണ് ന്യൂനപക്ഷമന്ത്രാലയം സത്യവാങ്മൂലം സമർപ്പിച്ചത്.
പദവി നൽകണമെന്നാവശ്യപ്പെട്ട് 2020ൽ അഡ്വ അശ്വനി ഉപാധ്യായാണ് സുപ്രീംകോടതിയെ സമീപിച്ചത്. ന്യൂനപക്ഷങ്ങളെ തീരുമാനിക്കുന്നത് കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ സംസ്ഥാനങ്ങൾക്കും നിർണയാധികാരമുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇത്തരത്തിൽ ഭാഷ-മത ന്യുനപക്ഷങ്ങളെ നിർണയിച്ച് സംസ്ഥാന നിയമസഭകൾക്ക് തീരുമാനമെടുക്കാം. നേരത്തെ മഹാരാഷ്ട്രയിൽ ജൂതരെയും, കർണാടകയിൽ ഉറുദു, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി, തുളു, ലുമണി, ഹിന്ദി, കൊങ്കിണി, ഗുജറാത്തി ഭാഷാവിഭാഗങ്ങളെയും ന്യൂപപക്ഷമായി പ്രഖ്യാപിച്ചത് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഒരു സംസ്ഥാനത്തെ മത-ഭാഷ ന്യൂനപക്ഷം മറ്റൊരു സംസ്ഥാനത്തിൽ ഭൂരിപക്ഷമാണെന്നും അതിനാൽ കേന്ദ്രതലത്തിൽ അത്തരം ന്യൂനപക്ഷപദവി നിശ്ചയിക്കുന്നതിന് പരിമിതിയുണ്ടെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. നിലവിൽ മുസ്ലീം, സിഖ്, ബുദ്ധിസ്റ്റ്, പാർസി, ക്രിസ്ത്യൻ, ജയ്ൻ എന്നീ വിഭാഗങ്ങളാൾക്കാണ് കേന്ദ്രസർക്കാർ ന്യൂപനപക്ഷ പദവി നൽകിയിട്ടുള്ളത്. നേരത്തെ ഇത്രയും രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുന്നിന് കേന്ദ്രത്തെ സുപ്രീംകോടതി വിമർശിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]