
സ്വന്തം ലേഖിക
പറവൂര്‍: വിവാഹമണ്ഡപത്തില്‍ വച്ച് മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് വിവാഹത്തില്‍ നിന്ന് വധു പിന്മാറിയ സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് വ്യാഴാഴ്ച വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്.എറണാകുളം വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
വരണമാല്യവുമായി നില്ക്കുന്നതിനിടയില് വരനോട് രഹസ്യമായി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കി ആയിരുന്നു യുവതിയുടെ പിന്മാറ്റം. ഇരുവിഭാഗത്തില്‍ നിന്നുമുള്ള ബന്ധുക്കളുടെ മുന്നില്‍ വച്ചായിരുന്നു വധുവിന്റെ നടപടി.
വധുവിന്റെ സമ്മതമില്ലാതെയാണ് വിവാഹം നടത്തുന്നതെന്ന് അറിഞ്ഞ വരന് സ്വമനസ്സാലെയാണ് വിവാഹത്തില്‍ നിന്ന് പിന്‍വാങ്ങിയത്. വധുവിനോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി പൂര്‍ണ്ണ പിന്തുണകൊടുക്കാനും വരന് തയ്യാറായി എന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
യുവതിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയ സമയത്ത് ആദ്യമായി പെണ്ണുകാണാനെത്തിയ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. വീട്ടുകാരായിരുന്നു പെണ്ണുകാണല്‍ നടത്തിയതും സംസാരിച്ചതുമൊക്കെ. എന്നാല്‍ ഈ വിവാഹം വേണ്ടെന്ന് വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.
പെണ്ണുകാണല്‍ നടത്തിയപ്പോള്‍ യുവാവുമായി സംസാരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത പെണ്‍കുട്ടി അയാളുമായി പ്രണയത്തിലാകുകയായിരുന്നു.എന്നാല്‍ ആ വിവാഹം വേണ്ടെന്നു വീട്ടുകാര്‍ പറഞ്ഞതോടെ യുവതി പ്രതിസന്ധിയിലാകുകയും ചെയ്തു.
മുൻപ് കാണാനെത്തിയ യുവാവിന്റെ ജാതകവുമായി പെണ്‍കുട്ടിയുടെ ജാതകത്തിന് പൊരുത്തം കുറവാണെന്നും യുവാവിന് കുടുംബമഹിമ കുറവാണെന്നും പറഞ്ഞായിരുന്നു ആ വിവാഹം വീട്ടുകാര്‍ ഒഴിവാക്കിയതെന്നാണ് സൂചനകള്‍.അതിനിടയിലാണ് പുതിയൊരാള് പെണ്ണുകാണാനെത്തുന്നതും ആ വിവാഹം ഉറപ്പിക്കുന്നതും.
പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയാണ് വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചതെന്നാണ് വിവരം. തന്റെ പ്രണയത്തിനു വേണ്ടി യുവതി വീട്ടുകാരോട് നിരന്തരം വാദിച്ചെങ്കിലും അവര്‍ ചെവിക്കൊള്ളുവാന്‍ തയ്യാറായതുമില്ല. ഇതോടെയാണ് മറ്റു വഴികളില്ലാതെ യുവതി ഈ രീതി തിരഞ്ഞെടുത്തത്.
യുവതിയുടെ വാക്കുകള്‍ കേട്ട വരന് കാര്യങ്ങള്‍ ഏകദേശം ബോധ്യമായി. ഇതോടെ താന്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വരന് അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വരനും കുടുംബവും വടക്കേക്കര പൊലീസില്‍ വിവരമറിയിച്ചു.പൊലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു.ഒത്തുതീര്‍പ്പിനൊടുവില്‍ വരന്റെ കുടുംബത്തിനുണ്ടായ ചെലവ് യുവതിയുടെ വീട്ടുകാര്‍ നഷ്ടപരിഹാരമായി നല്‍കാമെന്ന് അറിയിക്കുകയായിരുന്നു.
വിവാഹ ദിനം ക്ഷേത്രത്തില്‍ ആദ്യമെത്തിയത് വധുവും സംഘവുമായിരുന്നു. അതിനു പിന്നാലെ വരനും സംഘവും എത്തി. ജ്യോത്സ്യന് നിശ്ചയിച്ചു നല്കിയ മുഹൂര്‍ത്തത്തില്‍ ത്തന്നെ വിവാഹച്ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. മുഹൂര്‍ത്തമെത്തിയതോടെ താലി ചാര്‍ത്തുന്നതിനുള്ള കര്‍മങ്ങള്‍ ആരംഭിച്ചു.താലിചാര്‍ത്താന്‍ പൂജാരി അനുവാദം നല്‍കിയിട്ടും വധു തലകുനിക്കാതെ നിശ്ചലം നിന്നു. ആകെ വിഷമവൃത്തത്തിലായ വരന് വധുവിനോട് കാര്യം എന്താണെന്ന് അന്വേഷിച്ചു.അപ്പോഴാണ് താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വധു വരനോട് പറയുന്നത്.
തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലെന്ന് വധു തീര്‍ത്തു പറയുകയായിരുന്നു. ഈ വിവാഹത്തിനായി വീട്ടുകാരുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. വീട്ടുകാരുടെ നിരന്തര നിര്‍ബന്ധത്തിനു വഴങ്ങിയാണ് തനിക്ക് ഇതുവരെ കാര്യങ്ങള്‍ എത്തിക്കേണ്ടി വന്നതെന്നും വധു പറഞ്ഞു. പലതവണ ഈ വിവാഹത്തിന് സമ്മതമല്ലെന്ന് വീട്ടുകാരെ അറിയിച്ചിട്ടും അവര്‍ ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നും വധു പറഞ്ഞു. മാനസികമായ ഐക്യമില്ലാതെ താങ്കളെ വിവാഹം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നും വധു പറഞ്ഞു.
അതേസമയം വിവാഹം അലസിപ്പോയതിന്റെ പിറ്റേദിവസം, അതായത് വെള്ളിയാഴ്ച പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് യുവതി ഇഷ്ടത്തിലായിരുന്ന യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു. പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
The post കതിര്‍മണ്ഡപത്തില്‍ വച്ച് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് വരനോട് തുറന്ന് പറഞ്ഞ് വധു; തന്നെ അല്ല അവള് ഇഷ്ടപ്പെടുന്ന ആളെയാണ് വിവാഹം കഴിക്കേണ്ടതെന്ന് വരൻ; യുവതി പ്രണയത്തിലായത് തന്നെ ആദ്യമായി പെണ്ണുകാണെനെത്തിയ യുവാവുമായും…! ഒടുവിൽ വിവാഹ പന്തലില്‍ സംഭവിച്ചത് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]