
സ്വന്തം ലേഖകൻ
പാലാ: മീനച്ചിലാറിന്റെ കിഴക്കൻ മേഖലകളില്‍ വിഷം കലക്കിയും വൈദ്യുതി വലകള്‍ ഉപയോഗിച്ചും മീൻ പിടിത്തം വ്യാപകം. നിയമലംഘനം നടത്തിയുള്ള ഈ മീൻപിടിത്തത്തിനെതിരെ ആറിന്റെ തീരദേശത്ത് താമസിക്കുന്നവരും വിവിധ പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികളും രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി അനധികൃതമായ രീതിയിലുള്ള മീൻപിടിത്തം തുടര്‍ച്ചയായി നടന്നുവരികയാണ്. ആറ്റില്‍ നീരൊഴുക്ക് കുറഞ്ഞ സമയത്ത് വിഷം കലക്കിയുള്ള മീൻപിടിത്തം ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന് മീനച്ചില്‍ നദീസംരക്ഷണ സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിലും ഗുരുതരമായ സ്ഥിതിവിശേഷമാണ് വൈദ്യുതി ഉപയോഗിച്ചുള്ള മീൻപിടിത്തത്തിലൂടെയുണ്ടാകുന്നത്. അനധികൃതമായി വൈദ്യുതി ലൈൻ വലിച്ചുപോലും മീൻപിടിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിവിധ അധികാരികള്‍ക്ക് പ്രകൃതിസംരക്ഷണ സമിതി ഭാരവാഹികള്‍ പരാതി നല്‍കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.
മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള കാവല്‍മാടം പ്രവര്‍ത്തകര്‍ ഈ അനധികൃത മീൻപിടിത്തത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വന്നിട്ടുണ്ട്. ഇങ്ങനെ അനധികൃതമായി മീൻപിടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഒരു വിഭാഗം ആളുകള്‍ വര്‍ഷങ്ങളായി ഇത്തരം നിയമലംഘന നടപടികള്‍ നടത്തി മീനച്ചിലാറ്റില്‍ നിന്ന് മീൻപിടിക്കുന്നുണ്ട്. ഇതുവഴി മത്സ്യസമ്ബത്തിനെ നശിപ്പിക്കുകയും ആറ് മലിനീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് മീനച്ചില്‍ നദീ സംരക്ഷണ സമിതി ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും, വിഷം കലക്കിയുള്ള മീൻപിടിത്തം ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പകല്‍ സമയത്തും രാത്രി വൈകിയുമെല്ലാം ഈ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും ഇത് തടയാൻ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]