
ന്യൂഡൽഹി: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. ഏകീകൃത സിവിൽകോഡ് അടിച്ചേൽപ്പിക്കാനാവില്ല, അതിനെ ന്യായീകരിക്കാൻ പ്രധാനമന്ത്രി നടത്തിയ ഉപമ പൂർണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു തരത്തിലുള്ള നിയമങ്ങളുമായി ഒരു കുടുംബത്തിന് എങ്ങനെ മുന്നോട്ട് പോകാനാവുമെന്നായിരുന്നു മധ്യപ്രദേശിലെ ബി.ജെ.പി റാലിയിൽ മോദി ചോദിച്ചത്. കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ളത് രക്തബന്ധമാണ്.
രാഷ്ട്രീയ-നിയമ രേഖയായ ഒരു ഭരണഘടനയാണ് രാഷ്ട്രത്തെ ഒരുമിച്ചു കൊണ്ടുപോകുന്നത്. ഒരു കുടുംബത്തിൽ പോലും വൈവിധ്യമുണ്ട്.
ഇന്ത്യയിലെ ജനങ്ങൾക്കിടയിലെ വൈവിധ്യവും ബഹുസ്വരതയും ഭരണഘടന അംഗീകരിച്ചതാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു. ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നത് എളുപ്പമുള്ള കാര്യമായാണ് പ്രധാനമന്ത്രി ഉയർത്തിക്കാട്ടുന്നത്.
അത് ഇപ്പോൾ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്ന അവസാന നിയമകമ്മീഷൻ റിപ്പോർട്ട് അദ്ദേഹമൊന്ന് വായിക്കണം. ബി.ജെ.പി നേതാക്കളുടെ വാക്കുകളും പ്രവൃത്തികളും മൂലം ഇപ്പോൾ തന്നെ രാജ്യം ഭിന്നിപ്പിക്കപ്പെട്ടിരിക്കുകയാണ്.
ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നത് ആ ഭിന്നത വർധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും ചിദംബരം പറഞ്ഞു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിദ്വേഷ കുറ്റകൃത്യങ്ങൾ, വിവേചനം, സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കൽ തുടങ്ങിയവയിൽനിന്ന് ശ്രദ്ധതിരിക്കാനാണ് പ്രധാനമന്ത്രി ഇപ്പോൾ ഏകീകൃത സിവിൽകോഡിനായി വാദിക്കുന്നത്.
ജനങ്ങൾ ജാഗ്രത പാലിക്കണം. സദ്ഭരണത്തിൽ പരാജയപ്പെട്ടതിനാൽ അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാനായി വോട്ടർമാരെ ധ്രുവീകരിക്കാനാണ് ബി.ജെ.പി ഇപ്പോൾ ഏകീകൃത സിവിൽകോഡിനെക്കുറിച്ച് സംസാരിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
The post കുടുംബവും രാഷ്ട്രവും ഒരുപോലെയല്ല; ഏകീകൃത സിവിൽകോഡ് അടിച്ചേൽപ്പിക്കാനാവില്ല: പി.ചിദംബരം appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]