
അന്യഗ്രഹജീവികളുണ്ടെങ്കിൽ ഒരു പക്ഷേ അവർ നമ്മളെ പോലെ വടക്കുനോക്കിയന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടാവാം. 12 പ്രകാശവർഷങ്ങൾ അകലെയുള്ള ഗ്രഹത്തിൽ നിന്നും കാന്തിക മണ്ഡലത്തിന്റെ സൂചനകൾ നൽകിക്കൊണ്ടുള്ള റേഡിയോ സിഗ്നലുകൾ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുന്നു. വിദൂര പ്രപഞ്ചത്തിൽ നിന്നും നക്ഷത്രങ്ങളിൽ നിന്നുമുള്ള ഹാനികരമായ റേഡിയേഷനുകളെ തടഞ്ഞ് ജീവന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിൽ ഭൂമിയുടെ കാന്തിക മണ്ഡലത്തിന് നിർണായക പങ്കുണ്ട്. സജീവമായ കാന്തികമണ്ഡലമുള്ള ഗ്രഹമെന്നത് ജീവനും ജീവികൾക്കുമുള്ള സാധ്യത കൂടിയാൺ വർധിപ്പിക്കുന്നത്. യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷനിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് വിദൂരഗ്രഹത്തിൽ നിന്നുള്ള റേഡിയോ സിഗ്നലുകൾ വഴി കാന്തിക മണ്ഡലത്തിന്റെ സാധ്യത കണ്ടെത്തിയിരിക്കുന്നത്.
ചുവപ്പു കുള്ളൻ നക്ഷത്രമായ YZ സെറ്റിയെ വലംവെക്കുന്ന പാറക്കെട്ടുകൾ നിറഞ്ഞ YZ സെറ്റി b എന്ന ഗ്രഹത്തിലാണ് കാന്തിക മണ്ഡലമുണ്ടെന്ന സൂചന ശാസ്ത്രലോകം പങ്കുവെക്കുന്നത്. ഈ ഗ്രഹത്തിലും ഭൂമിയുടേതിന് സമാനമായ രീതിയിൽ ധ്രുവദീപ്തി സംഭവിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ബഹിരാകാശം വരെ നീളുന്ന വൈദ്യുത ചാർജുള്ള പാളിയാണ് ഭൂമിയുടെ കാന്തികമണ്ഡലം. നമ്മുടെ കാലിനടിയിൽ ഭൂമിക്കുള്ളിൽ തിളച്ചു മറിയുന്ന ദ്രവരൂപത്തിലുള്ള ഇരുമ്പിന്റെ കറക്കമാണ് ഇങ്ങനെയൊരു കാന്തികമണ്ഡലത്തിന് രൂപംകൊടുത്തത്. സ്വന്തം അച്യുതണ്ടിലുള്ള ഭൂമിയുടെ ഭ്രമണവും ഇതിന് സഹായിക്കുന്നു.
വടക്കുനോക്കിയന്ത്രങ്ങൾ പ്രവർത്തിക്കുന്നതും സൂര്യനിൽ നിന്നുള്ള ജീവന് ഹാനികരമായ സൗര കാറ്റുകളേയും വിദൂരപ്രപഞ്ചത്തിൽ നിന്നുള്ള കോസ്മിക് റേഡിയേഷനുകളേയും തടയുന്നതുമെല്ലാം ഈ കാന്തികമണ്ഡലത്തിന്റെ ജോലിയാണ്. ഇങ്ങനെയൊരു കാന്തികമണ്ഡലം ഇല്ലായിരുന്നെങ്കിൽ ഓസോൺ പാളി പോലും ഭൂമിയെ സംരക്ഷിക്കാൻ ഉണ്ടാവില്ലായിരുന്നു. അതുകൊണ്ടൊക്കെയാണ് ഭൂമിയിലെ ജീവൻ നിലനിർത്താൻ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നായി ഈ കാന്തിക മണ്ഡലം മാറുന്നത്. നമ്മുടെ അന്തരീക്ഷത്തെ പിടിച്ചു നിർത്തുന്നതിനും കാന്തിക മണ്ഡലത്തിന് പങ്കുണ്ട്. YZ സെറ്റി ബി എന്ന ഗ്രഹത്തിൽ നിന്നും ആവർത്തിച്ച് റേഡിയോ സിഗ്നലുകൾ വരുന്നത് കാൾ ജി ജാൻസ്കി വെരി ലാർജ് അറേ ടെലസ്കോപ് വഴിയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
12 പ്രകാശ വർഷം അകലെയുള്ള ഈ ഗ്രഹത്തിൽ നിന്നുള്ള തരംഗങ്ങൾ കണ്ടെത്താനായി എന്നതു തന്നെ ഈ ഗ്രഹത്തിന് ശക്തമായ കാന്തിക മണ്ഡലമുള്ളതിന്റെ തെളിവായും കണക്കാക്കപ്പെടുന്നു. സൂര്യനിൽ നിന്നും വരുന്ന ചാർജുള്ള ചില കണങ്ങൾ ഭൂമിയുടെ കാന്തിക വലയത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നുണ്ട്. ഈ കണങ്ങൾ നമ്മുടെ അന്തരീക്ഷത്തിലെ ഓക്സിജനും നൈട്രജനും പോലുള്ള വാതക കണങ്ങളുമായി കൂട്ടിയിടിച്ചാണ് ധ്രുവ ദീപ്തി സംഭവിക്കുന്നത്. ചുവപ്പ്, പച്ച, നീല നിറങ്ങളിലാണ് ധ്രുവ ദീപ്തി കാണപ്പെടാറ്. സാധാരണ സമയത്ത് അപ്രത്യക്ഷമായിരിക്കുന്ന കാന്തികമണ്ഡലം ഈ ധ്രുവദീപ്തിയുടെ സമയത്താണ് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവുന്ന രൂപത്തിലാവുന്നത്.
YZ സെറ്റി ബി ഗ്രഹം അതിന്റെ മാതൃ നക്ഷത്രത്തോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. കേവലം രണ്ട് ദിവസം മതി ഈ ഗ്രഹത്തിന് നക്ഷത്രത്തെ വലം വെക്കാൻ. അതുകൊണ്ടുതന്നെ നക്ഷത്രത്തിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ കുറഞ്ഞ ഇടവേളയിൽ ഈ ഗ്രഹത്തിലെത്തുന്നുവെന്നും കരുതപ്പെടുന്നു. കാന്തികമണ്ഡലം ഉണ്ടെന്ന് തെളിഞ്ഞാൽ YZ സെറ്റി ബി അന്യഗ്രഹജീവൻ തേടുന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറും. കാരണം ഭൂമിയുടേതിന് തുല്യമായ വലുപ്പവും പാറക്കെട്ടുകൾ നിറഞ്ഞ ഉപരിതലവുമാണ് ഈ ഗ്രഹത്തിനുള്ളത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]