
സ്വന്തം ലേഖകൻ
കോട്ടയം: 12,000 കോടി ചെലവിൽ ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് എലവേറ്റഡ് പാത. തീർത്ഥാടകർക്കും ടൂറിസത്തിനും മലയോര മേഖലയ്ക്കാകെയും പ്രയോജനപ്പെടുന്ന ശബരി റെയിൽ പാത യാഥാർത്ഥ്യമായേക്കുമെന്ന ഘട്ടത്തിൽ തുരങ്കം വയ്ക്കാൻ ഗൂഢനീക്കം.
ശബരി റെയിലിനായി 264 കോടി ചെലവിട്ടു കഴിഞ്ഞു. 100 കോടി കേന്ദ്ര ബഡ്ജറ്റിലും ഉൾപ്പെടുത്തി. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലും ശബരി റെയിലിന് അനുകൂല നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്.
എന്നാൽ പത്തനംതിട്ട ലോബി റെയിൽവേ ഉന്നതരുമായി ചേർന്ന് സമ്മർദ്ദം ചെലുത്തുന്നതായാണ് സൂചന. ചെങ്ങന്നൂർ കൊല്ലക്കടവ് സ്വദേശി എം.കെ.വർഗീസ് കോർ എപ്പിസ്കോപ്പയുടെ ആശയം ഇ.ശ്രീധരൻ റെയിൽവേയ്ക്ക് കൈമാറിയെന്നാണ് അറിയുന്നത്. തുടർന്നാണ് ചെങ്ങന്നൂർ-പമ്പ പാതയുടെ സാദ്ധ്യത പരിഗണിക്കുന്നതായി മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
എട്ട് കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനാണ് ചെങ്ങന്നൂർ-പമ്പ പാത വന്നാൽ ഓടിക്കുക. പമ്പാ തീരംവഴി ആകാശപ്പാത നിർമ്മിച്ച് പമ്പയിലെത്തിക്കും. ചെങ്ങന്നൂരിൽ നിന്ന് ആറന്മുള, കോഴഞ്ചേരി, ചെറുകോൽപുഴ, റാന്നി, വടശേരിക്കര, അത്തിക്കയം, അട്ടത്തോട് വഴി പമ്പയിൽ എത്തും. ആറന്മുളയിൽ മാത്രമേ സ്റ്റോപ്പുണ്ടാവൂ.
അങ്കമാലി – എരുമേലി പാത 111 കിലോമീറ്ററാണ്. ചെങ്ങന്നൂർ – പമ്പ പാത 60 കിലോമീറ്ററും. 50 കിലോമീറ്റർ ലാഭിക്കാമെന്നാണ് വാദം. പക്ഷേ തീർത്ഥാടനകാലത്ത് മാത്രമേ പമ്പ പാത പ്രയോജനപ്പെടൂ. എരുമേലിയിൽ ട്രെയിനെത്തില്ല. ചെറുവള്ളിയിൽ വിമാനത്താവളം വരുമ്പോൾ എരുമേലിയിൽ ട്രെയിൻ അത്യാവശ്യമാണ്. റെയിൽ പാതകൾക്ക് വനം, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി വേണ്ടാത്തതിനാൽ ശബരി റെയിൽ എരുമേലിയിൽ നിന്ന് പമ്പയിലേക്ക് നീട്ടാനുമാകും.
ശബരി റെയിലിന് പുതിയ എസ്റ്റിമേറ്റ് 3,744 കോടിയാണ്. ഇതുവരെ 264 കോടി ചെലവിട്ടു. സ്ഥലം ഏറ്റെടുപ്പിനുള്ള 1,872 കോടി കിഫ്ബി വഴി സംസ്ഥാനം നൽകും. അങ്കമാലി-കാലടി റൂട്ടിൽ ഏഴ് കി.മീ റെയിൽപാതയും പെരിയാറിൽ മേൽപ്പാലവും നിർമ്മിച്ചു. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കി. ഡി.പി.ആർ അംഗീകരിച്ചാൽ ബാക്കി ഭൂമി ഏറ്റെടുക്കാം.
ശബരി പാത വന്നാൽ
1 ഇടുക്കിയെ ബന്ധിപ്പിച്ച് ട്രെയിനുകൾ. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുടെ വികസനം
2 എരുമേലിയിൽ നിന്ന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ 25 കിലോമീറ്റർ മാത്രം
3 ശബരിമലയ്ക്കും ഭരണങ്ങാനം അൽഫോൺസാ തീർത്ഥാടന കേന്ദ്രത്തിനും ഗുണം
4 വിനോദസഞ്ചാരം, പ്ലൈവുഡ്, സുഗന്ധവ്യഞ്ജന ചരക്ക് നീക്കം എന്നിവയ്ക്ക് വൻ കുതിപ്പ്
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]