
‘കെ റെയിലിനായി സര്‍വ്വേ നടത്തുന്നത് ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഇപ്പോള്‍ സുപ്രീം കോടതിയും സര്‍ക്കാര്‍ നടപടിയെ ശരിവെച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനും കെ റെയിലിനും വാദിക്കേണ്ടി പോലും വന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടത്. ഇനിയെങ്കിലും മാധ്യമങ്ങള്‍ വസ്തുതകള്‍ ജനങ്ങളോട് തുറന്നു പറയേണ്ട ദൗത്യം നിര്‍വ്വഹിക്കുമോ എന്നാണ് അറിയേണ്ടത്. എന്നാല്‍, ഇന്നത്തെ ചില മാധ്യമങ്ങളുടെ വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്’- വ്യവസായ മന്ത്രി പി രാജീവ് എഴുതുന്നു
ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തക ചോദിച്ചത് സര്‍വ്വേയും കല്ലിടലും നിയമാനുസൃതമാണോ എന്നായിരുന്നു. അതിനെ സംബന്ധിച്ച പല വ്യാഖ്യാനങ്ങളും വന്നിരുന്നല്ലോയെന്നും ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് സര്വ്വേയാകാമെന്ന് വിധിയിലൂടെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും ഇനിയും സംശയം അവശേഷിക്കുന്നവര്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും പറഞ്ഞു. എന്നാല്‍, അതുവരെ ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധിയാണ് പ്രാബല്യത്തിലുള്ളതെന്നും സൂചിപ്പിക്കുകയുണ്ടായി. കെ റെയിലിനായി സര്‍വ്വേ നടത്തുന്നത് ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഇപ്പോള്‍ സുപ്രീം കോടതിയും സര്‍ക്കാര്‍ നടപടിയെ ശരിവെച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിനും കെ റെയിലിനും വാദിക്കേണ്ടി പോലും വന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടത്.ഇനിയെങ്കിലും മാധ്യമങ്ങള്‍ വസ്തുതകള്‍ ജനങ്ങളോട് തുറന്നു പറയേണ്ട ദൗത്യം നിര്‍വ്വഹിക്കുമോ എന്നാണ് അറിയേണ്ടത്.
എന്നാല്‍, ഇന്നത്തെ ചില മാധ്യമങ്ങളുടെ വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്. സാമൂഹികാഘാത പഠനം ഏറ്റെടുക്കാന്‍ തന്നെയാണെന്നും ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയല്ല സര്‍വ്വേ എന്ന മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വാദം പൊളിയുകയാണെന്നും ആഹ്ലാദ പൂര്‍വ്വം ഇവര്‍ പ്രഖ്യാപിക്കുന്നു. ഇപ്പോള്‍ നടക്കുന്നതെല്ലാം 1961 ലെ കേരളത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന വിജ്ഞാപനവും തെളിവായി ഉയര്‍ത്തിപ്പിടിക്കുന്നു.ആര്‍ക്കും തെറ്റെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന വാര്‍ത്ത ആധികാരികമായി അവതരിപ്പിക്കുന്നവര്‍ എങ്ങനെയാണ് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്ന് നോക്കാം.
ഭൂമി ഏറ്റെടുക്കാന്‍ ഇന്ത്യയിലെ ഏതു സര്‍ക്കാരിനും കഴിയുന്നത് ഭൂമിയേറ്റെടുക്കലിന്റെ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. കേന്ദ്ര നിയമമുള്ളപ്പോള്‍ മറ്റൊരു സംസ്ഥാന നിയമത്തിനും അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ നിയമം അനുശാസിക്കന്ന നടപടികളുടെ നിര്‍വ്വഹണത്തിനായി സംസ്ഥാന നിയമങ്ങളോ ചട്ടങ്ങളോ ഉപയോഗപ്പെടുത്തേണ്ടി വരും.
സാമൂഹ്യാഘാത പഠനത്തിന് അതിരു നിശ്ചയിച്ച് കല്ലിട്ടാല്‍ ഭൂമി ഏറ്റെടുത്തു കൊണ്ടുപോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. കെ റെയിലിന് ഭൂമി ഏറ്റെടുക്കില്ലെന്നല്ല മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ റെയില്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോള്‍ കല്ലിടുന്നത് ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലല്ല. അത് സാമൂഹികാഘാതപത്രത്തിന് വേണ്ടിയാണ്.
സാമൂഹികാഘാത പഠനം ഏതൊരു പദ്ധതിക്കും ‘ഭൂമിയേറ്റെടുക്കാനായുള്ള പ്രവര്‍ത്തനത്തിന്റെ പ്രാരംഭ ഘട്ടമാണെന്ന് അസാധാരണ വാര്‍ത്തയാക്കുന്നവര്‍ക്ക് ഒഴികെയുള്ള ഇന്ത്യക്കാരുടെ പ്രാഥമിക വിവരമാണ്. അതാണ് ഇന്ന് സുപ്രീകോടതിയും വ്യക്തമാക്കിയത്.ഭൂമിയേറ്റെടുക്കല്‍ നിയമം പരിശോധിച്ച പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച സന്ദര്‍ഭത്തില്‍ സുക്ഷമമായി പരിശോധിക്കാനും പരമാവധി ജനോപകാരപ്രദമാക്കാനും ശ്രമിച്ചിരുന്നു.
ജനങ്ങളുടെ വികാരം എതിരാണെന്ന് പറയുന്നവരും ഈ നിയമം വായിക്കണം. ജനങ്ങളുടെ അഭിപ്രായമെന്ന് മാധ്യമങ്ങളും രാഷ്ട്രീയക്കാരും തുടങ്ങി കോടതികള്‍ വരെ പറയുന്നത് അവരവരുടെ വ്യക്തിഗത ബോധ്യങ്ങളാണ്.
ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളേക്കാള്‍ പൊതുതാല്പര്യം ഈ പദ്ധതിക്കുണ്ടോയെന്ന് തുടങ്ങി ഏറ്റവും ചുരുങ്ങിയ ഭൂമിയാണോ ഏറ്റെടുക്കുന്നത് വരെയുള്ള കാര്യങ്ങളെല്ലാം വ്യക്തമാകുന്നത് സാമൂഹ്യഘാതപഠനത്തിന്റെ അടിസ്ഥാനത്തിലാണ് .അതിരുകള്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ ഭൂമി നഷ്ടപ്പെടാന്‍ ഇടയുള്ളവരുടെ പബ്ലിക് ഹിയറിംഗ് നിയമത്താല്‍ നിര്‍ബന്ധിതമാണ്. ഇതിനു ശേഷം റിപ്പോര്‍ട്ട് പ്രാദേശിക ഭാഷയില്‍ പ്രസിദ്ധപ്പെടുത്തണം. ഈ റിപ്പോര്‍ട്ടും സാമൂഹ്യാഘാത മാനേജ്മെന്റ് പ്ലാനും വിദഗ്ധ സമിതി പരിശോധിക്കണം. ഈ സമിതി ജനപ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്നതാണ്. സാമൂഹികാഘാതം പൊതുതാല്പര്യത്തേക്കാള് കൂടുതലാണെങ്കില്‍ ആ ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ല കുറവാണെങ്കില്‍ ആര്‍ക്കും തടയാനും കഴിയില്ല. ഇത്രയും വ്യക്തമായ വിവരങ്ങള്‍ ലഭ്യമാണെന്നിരിക്കെ ആരെയാണ് ആശയകുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നത്.
ഇനി വായിച്ച് മനസിലാകാതെയാണെങ്കില് സാമൂഹികാഘാത പഠനം നിയമത്താല്‍ ഒഴിവാക്കപ്പെട്ട മേഖലകളിലൊഴികെയെല്ലാം ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തില്‍ സാമൂഹ്യാഘാത പഠനത്തിനായി കല്ലിട്ടത് കണ്ട് മനസ്സിലാക്കാന്‍ കഴിയാവുന്നതാണ്. ചില പദ്ധതികളില്‍ സാമൂഹ്യാഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം മാറാറുമുണ്ട്. എന്നാല്‍, പദ്ധതി ഉപേക്ഷിക്കാതെ ആഘാതം കുറവെന്ന് പിന്നീട് പഠനത്തില്‍ കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുകയും ചെയ്യും.
സുപ്രീം കോടതി വിധിക്ക് മറ്റൊരു മാനം കൂടിയുണ്ട്. നിയമം നടപ്പിലാക്കുന്നതിന് ആവശ്യമായ സമീപനമാണ് കോടതികള്‍ സ്വീകരിക്കേണ്ടതെന്നാണ്. നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം എക്സിക്യൂട്ടീവിനാണെന്ന് സുപ്രീം കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. നിയമ പ്രകാരം ആറുമാസത്തിനുള്ളില്‍ സാമൂഹികാഘാത പഠനം പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പു വരുത്തുകയാണ് നീതിന്യായ സംവിധാനങ്ങള്‍ ചെയ്യേണ്ടത്. അതുകൊണ്ട് കൂടിയാണ് തടസ്സപ്പെടുത്തിയ വിധിക്കെതിരെ സുപ്രീകോടതി വിമര്‍ശനം ഉന്നയിച്ചതും.
സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന കേരള വിരുദ്ധ മുന്നണിയുടെ നേതൃത്വത്തിന് തിരിച്ചറിവുണ്ടാക്കാന്‍ സുപ്രീം കോടതിക്കും കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ, കേരളത്തെ സ്നേഹിക്കുന്ന ജനങ്ങളില്‍ ആര്‍ക്കെങ്കിലും ആശയ കുഴപ്പമുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയുന്നതിന് സുപ്രീം കോടതി വിധി സഹായകരമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]