
ബ്രാബോൺ
ഇക്കുറിയും മുംബെെ ഇന്ത്യൻസിന് ഐപിഎല്ലിൽ ജയത്തോടെ തുടക്കം കുറിക്കാനായില്ല. ഡൽഹി ക്യാപിറ്റൽസിന്റെ മിന്നുന്ന പ്രകടനത്തിനുമുന്നിൽ മുൻ ചാമ്പ്യൻമാർക്ക് അടിതെറ്റി. വാലറ്റത്തെ തകർപ്പൻ പ്രകടനത്തിലൂടെ ഡൽഹി ജയം നേടുകയായിരുന്നു. മുംബെെ ഉയർത്തിയ 178 റൺ വിജയലക്ഷ്യം 10 പന്ത് ശേഷിക്കെ ഡൽഹി മറികടന്നു. മുംബെെ 5–175 റണ്ണാണെടുത്തത്. ഏഴാം വിക്കറ്റിൽ ലളിത് യാദവും അക്സർ പട്ടേലും അടിച്ചുകൂട്ടിയ 70 റണ്ണാണ് ഡൽഹിക്ക് ജയമൊരുക്കിയത്. 30 പന്തിലായിരുന്നു ഈ വെടിക്കെട്ട്. ലളിതും (38 പന്തിൽ 48) അക്സറും (17 പന്തിൽ 38) പുറത്താകാതെനിന്നു. ഡാനിയേൽ സാംസ് എറിഞ്ഞ പതിനെട്ടാം ഓവറിൽ 24 റണ്ണാണ് ഇരുവരും അടിച്ചുകൂട്ടിയത്. ലളിതിന്റെ ഇന്നിങ്സിൽ രണ്ട് സിക്സറും നാല് ഫോറും ഉൾപ്പെട്ടു. അക്സർ മൂന്ന് സിക്സറും രണ്ട് ഫോറും പറത്തി. ഒരുഘട്ടത്തിൽ 5–74 റണ്ണെന്ന നിലയിലായിരുന്നു ഡൽഹി.
മൂന്ന് വിക്കറ്റുമായി മലയാളിതാരം ബേസിൽ തമ്പി മുംബെെയ്ക്കായി തിളങ്ങിയെങ്കിലും പിന്തുണ കിട്ടിയില്ല. ആദ്യം ബാറ്റ് ചെയ്ത മുംബെെയ്ക്കായി ഇഷാൻ കിഷൻ (48 പന്തിൽ 81*) തകർപ്പൻ പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ 32 പന്തിൽ 41 റണ്ണടിച്ചു.
ഡൽഹിക്കായി സ്പിന്നർ കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 2012നുശേഷം മുംബെെ ആദ്യകളി ജയിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net