
തിരുവനന്തപുരം
നഗരങ്ങളിലെ ഭവനരഹിതരായ കുടുംബങ്ങൾക്കായി ലൈഫ് പദ്ധതിയിൽ 15,212 വീടുകൂടി ഉയരുന്നു. എട്ട് നഗരസഭയിലാണ് വീടുകൾ നിർമിക്കുക. 608.48 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായി. ഇതിൽ 304.24 കോടി രൂപ നഗരസഭാ വിഹിതമാണ്. കേന്ദ്രവിഹിതം 228.18 കോടിയും സംസ്ഥാന വിഹിതം 76.06 കോടി രൂപയുമാണ്. കുടുംബശ്രീ മുഖേനയാകും പദ്ധതി നടപ്പാക്കുകയെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
പിഎംഎവൈ നഗരം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരങ്ങളിൽ ഭൂമിയുള്ള 1,23,048 കുടുംബത്തിന് വീട് നിർമിക്കാൻ 4895.3 കോടി രൂപയുടെ പദ്ധതിക്ക് നേരത്തേ അനുമതി ലഭിച്ചിരുന്നു. ഇതിൽ 70,464 വീട് വാസയോഗ്യമായി. ഭൂരഹിത ഭവനരഹിതർക്ക് 11 പാർപ്പിട സമുച്ചയത്തിൽ 970 ഫ്ലാറ്റ് നിർമിക്കാൻ അനുമതിയുമുണ്ട്. ഇതിൽ 280 ഫ്ലാറ്റ് പൂർത്തീകരിച്ചു. കുറഞ്ഞ പലിശയ്ക്ക് 25,832 ഗുണഭോക്താക്കൾക്കാണ് ഇതുവരെ ഭവനവായ്പ അനുവദിച്ചത്. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് ഓരോ പിഎംഎവൈ നഗരം ലൈഫ് ഗുണഭോക്താവിനും വീട് നിർമാണത്തിന്റെ ഭാഗമായി 90 തൊഴിൽ ദിനവും 26,190 രൂപയുടെ അധികസഹായവും നൽകി. ആകെ 70 കോടി രൂപയുടെ അധികസഹായം ഇതുവരെ ലഭ്യമാക്കി.
കേന്ദ്ര-–- സംസ്ഥാന വിഹിതമായി ലഭിച്ച 1567 കോടി രൂപയിൽ 1434.55 കോടി രൂപയും ചെലവഴിക്കാനായെന്നും നഗരസഭകൾക്ക് വിഹിതം കണ്ടെത്താൻ ഹഡ്കോ മുഖേന 1051.56 കോടി രൂപയുടെ വായ്പ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]