
നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങളില്‍ കേന്ദ്രം നിയന്ത്രണം കര്‍ശനമാക്കുന്നു. ഐടി നിയമം 2021 പ്രകാരം ‘നിലവാരം കുറഞ്ഞ’ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നതില്‍ നിയന്ത്രണം കടുപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഐടി നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ക്ക് ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ വരുന്നത്. ഉപയോക്താക്കളുടെ പരാതി പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് വാദം.
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ട് നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. ഒടിടി പ്ലാറ്റ്ഫോമുകള് ഗ്രീവിയന്‍സ് ഉദ്യേഗസ്ഥനെ നിയമിക്കണമെന്നും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നുമാണ് ആദ്യത്തെ നിര്‍ദേശം. ഗ്രീവിയന്‍സ് ഉദ്യേഗസ്ഥനെ നിയമിക്കണമെന്ന ഐടി നിയമത്തിന് ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെയാണ് ഇതിനെ മറികടന്നുള്ള നിര്‍ദേശം. സിനിമകളും വെബ് സീരീസുകളും ഐടി നിയമങ്ങളില്‍ പറഞ്ഞിരിക്കുന്ന ‘കോഡ് ഒഫ് എത്തിക്സ്’ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നതാണ് രണ്ടാമത്തേത്. 2021ലെ ഐടി നിയമത്തിലെ കോഡ് ഓഫ് എത്തിക്സ് 9(1) മദ്രാസ്, ബോംബെ ഹൈക്കോടതികള്‍ സ്റ്റേ ചെയ്തതിനാല്‍, ഒടിടി പ്ലാറ്റ്ഫോമുകള് നിലവില്‍ നിബന്ധനകള്‍ക്ക് വിധേയമല്ലെന്നാണ് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന് ഒരു പ്രസ്താവനയില്‍ പറഞ്ഞത്.
സര്‍ക്കാര്‍ ഉപദേശക സമിതിക്കു പുറമേ, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, ആള്‍ട്ട് ബാലാജി എന്നീ പ്ലാറ്റ്ഫോമുകള് അംഗങ്ങളായി ഒരു സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ ചില പ്ലാറ്റ് ഫോമുകള്‍ പരാതി ഉദ്യോഗസ്ഥനോ പരാതികളുടെ പ്രതിമാസ റിപ്പോര്‍ട്ടുകളോ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത് നിയമവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഡിജിറ്റല്‍ പബ്ലിഷര്‍ കണ്ടന്റ് ഗ്രീവന്‍സ് കൗണ്‍സിലിന്റെ (ഡിപിസിജിസി) പരാതി പരിഹാര ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് (റിട്ട.) എ കെ സിക്രി പറഞ്ഞിരുന്നു. ഭാരതീയ സംസ്കാരത്തെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം തടയുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് താക്കൂര്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചില പരമ്പരകള്‍ക്കും ഷോകള്‍ക്കും നിയന്ത്രണവും ഏര്‍പ്പെടുത്തി. ടിവിയില്‍ സംപ്രേക്ഷണ വിലക്കുള്ള പരിപാടികള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നുണ്ടെന്നും ഇതിന് തടയിടുമെന്നും അന്നുതന്നെ അനുരാഗ് താക്കൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്രത്തിന്റെ നടപടിയെന്നാണ് വിലയിരുത്തല്‍.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]