
മൂലമറ്റം> മൂലമറ്റത്ത് തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ യുവാക്കൾക്കുനേരെ വെടിവയ്പ്പ്. ഒരാൾ കൊല്ലപ്പെട്ടു. ഒരാളെ ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂലമറ്റം എ കെ ജി കവലയിൽ ശനി രാത്രി 11 ഓടെയാണ് സംഭവം. കീരിത്തോട് കഞ്ഞിക്കുഴി സ്വദേശിയും സ്വകാര്യബസ് കണ്ടക്ടറുമായ സനൽ സാബു (ജബ്ബാർ) ആണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ പ്രദീപ് പുഷ്കരനാണ് പരിക്ക്. വെടിവച്ച പന്നിമറ്റം മാവേലി പുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിനെ മുട്ടം പൊലീസ് അറസ്റ്റ് ചെയ്തു.
അശോക കവലയിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ഫിലിപ്പ് മാർട്ടിൻ. ഇയാളും തട്ടുകട ഉടമയുമായി വാക്കേറ്റമുണ്ടായി. അവിടെ ഭക്ഷണം കഴിക്കാനെത്തിയ ചിലർ ഇതിൽ ഇടപെട്ടു. ഇതോടെ ഫിലിപ്പ് മാർട്ടിൻ പുറത്തേക്ക് പോയി കാറിൽനിന്ന് തോക്കെടുത്ത് തട്ടുകടയിൽ നിന്നവർക്കുനേരെ വെടിവയ്ക്കുകയായിരുന്നു.
എന്നാൽ ആർക്കും വെടിയേറ്റില്ല. കാറെടുത്ത് മൂലമറ്റം ഭാഗത്തേക്ക് പോയ ഇയാൾ വീണ്ടും തോക്കിൽ തിരനിറച്ച് തിരികെ അശോക കവലയിലേക്ക് വരുന്നതിനിടെയാണ് സനൽ സാബുവിനും പ്രദീപിനും നേരെ വെടി ഉതിർത്തത്. സനൽ സാബു സ്കൂട്ടറിലും പ്രദീപ് ഓട്ടോയിലും പോകുകയായിരുന്നു. ഇവർ തന്നെ പിന്തുടരുകയാണെന്ന് ധരിച്ചാണ് ഇയാൾ വെടിവച്ചതെന്ന് പറയുന്നു. സനൽ സാബു തൽക്ഷണം മരിച്ചു. കാഞ്ഞാർ പൊലീസ് വിവരം നൽകിയതിനെ തുടർന്ന് മുട്ടം പൊലീസ് ഫിലിപ്പ് മാർട്ടിനെ കാർസഹിതം പിടികൂടി കാഞ്ഞാർ സ്റ്റേഷനിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]