
മുംബൈ; ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ ഓഹരിവിപണിയിൽ തകർന്നടിഞ്ഞ് അദാനി. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒറ്റ ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ച് തുടങ്ങിയതോടെ ഹിൻഡൻബർഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദാനി വ്യക്തമാക്കി.
അദാനി ഗ്രൂപ്പിലെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗാണ് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ റിപ്പോർട്ട് കള്ളമാണ് എന്നാണ് അദാനിയുടെ വാദം. ഓഹരി വിപണിയിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാനായി അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ നടക്കാൻ പോകുന്നു ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ്. വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ല. ഇന്ത്യയിലേയും യുഎസിലേയും നിയമ സാധ്യതകൾ പരിശോധിക്കും.’’– അദാനി ഗ്രൂപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു.
അദാനി ഗ്രൂപ്പ് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ ഹിൻഡൻബർഗ് പ്രതികരണവുമായി എത്തി. റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്നും ഏതു രീതിയിലുള്ള അന്വേഷണവും നേരിടാനും തയാറാണ് എന്നാണ് ഇവർ വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി മറുപടി പറഞ്ഞിട്ടില്ലെന്നും പ്രതീക്ഷിച്ചപോലെ വീമ്പിളക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും കൂട്ടിച്ചേർത്തു. നിയമനടപടിയുടെ കാര്യം ഗൗരവകരമായി പറഞ്ഞതാണെങ്കിൽ തങ്ങൾ പ്രവർത്തിക്കുന്ന യുഎസിൽ കേസ് ഫയൽ ചെയ്യണമെന്നും എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്നും വ്യക്തമാക്കി.
കമ്പനിയുടെ കടസ്ഥിതിയും ഭരണ പ്രശ്നങ്ങളും വിളിച്ചറിയിക്കുന്ന റിപ്പോര്‍ട്ടാണ് ഹിൻഡൻബർഗ് പുറത്തുവിട്ടത്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് റിസർച്ചിന്റെ പ്രധാന കണ്ടെത്തൽ. ഈ ഓഹരികൾ വച്ച് വൻ തുക വായ്പ എടുത്തെന്നും അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നാണ് പറയുന്നത്.
അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നാണ് ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണം. അദാനി എന്റര്‍പ്രൈസസിന് എട്ടു വര്‍ഷത്തിനിടെ അഞ്ച് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്. 106 പേജുള്ള റിപ്പോര്‍ട്ട് തങ്ങളുടെ രണ്ടു വര്‍ഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നാണ് ഹിന്‍ഡെന്‍ബര്‍ഗ് അവകാശപ്പെടുന്നത്.
The post ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ നിയമനടപടിക്കൊരുങ്ങി അദാനി, ഭീഷണിവേണ്ടെന്ന് മറുപടി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]