പത്തനംതിട്ട: റോബിന് വെല്ലുവിളിയുമായി കെഎസ്ആർടിസിയുടെ രണ്ടാമത്തെ ബസ് പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് ആരംഭിച്ചു. ഇന്നലെ രാത്രിയാണ് എസി ബസ് സർവീസ് ആരംഭിച്ചത്. രാത്രി 8.30ന് പുറപ്പെടുന്ന ബസ് പുലർച്ചെ 4.30-ന് കോയമ്പത്തൂരിലെത്തും.
മടക്ക സർവീസ് അവിടെ നിന്നും രാവിലെ 8.30-ന് പുറപ്പെട്ട് വൈകിട്ട് 4.30-ന് പത്തനംതിട്ടയെത്തും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.
നേരത്തെ പുലർച്ചെ 4.30-ന് ആരംഭിച്ച സർവീസ് വിജയമാണെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. നിലവിൽ മൂന്ന് കോയമ്പത്തൂർ സർവീസാണ് പത്തനംതിട്ടയിൽ നിന്നുള്ളത്. രാവിലെ 4.30 (എസി ലോ ഫ്ലോർ), രാവിലെ 8.00 (സൂപ്പർ ഫാസ്റ്റ്), രാത്രി 8.30 (എസി ലോ ഫ്ലോർ).
നിയമലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസിനെ തടഞ്ഞതിന് പകരംവീട്ടലെന്ന പോലെയാണ് കെഎസ്ആർടിസി പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് പ്രഖ്യാപിച്ചത്. റോബിനെ നിരത്തിലിറക്കില്ലെന്ന സർക്കാരിന്റെ വാശിയാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് കെഎസ്ആർടിസിയെ നയിച്ചത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ബസും നിരത്തിലിറക്കിയത്.