
തിരുവനന്തപുരം: കെ റെയില്‍ സ്ഥലമേറ്റെടുക്കാന്‍ തിടുക്കം കൂട്ടിയത് കേന്ദ്രത്തെ സ്വാധീനിക്കാനെന്ന് വിദഗ്ധര്‍. സ്ഥലമേറ്റെടുത്ത് കഴിഞ്ഞാല്‍ പദ്ധതിക്ക് അംഗീകാരം നല്കാന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമാവുമെന്ന കണക്കുകൂട്ടലിലായിരുന്നു കെ റെയില്‍ അധികൃതര്‍. കേന്ദ്രത്തെ സമ്മര്‍ദത്തിലാക്കാനാണ് സാമൂഹികാഘാത പഠനമെന്ന പേരില്‍ കല്ലിട്ട് ഭൂമി അടയാളപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തിയത്.
റെയില്‍വേ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി വിധിയുണ്ടെങ്കിലും ഒന്നരലക്ഷം ചതുരശ്രമീറ്ററിലധികം വിസ്തൃതിയുള്ള നിര്‍മാണങ്ങള്‍ക്ക് ആഘാതപഠനം ആവശ്യമാണ്. അംഗീകാരമില്ലാത്ത സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന സ്ഥാപനം നടത്തിയ പഠനത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ഇക്യുഎംഎസ് എന്ന സ്വകാര്യസ്ഥാപനത്തെയാണ് പരിസ്ഥിതി ആഘാതപഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 14 മാസം സമയമുണ്ട്. അടുത്ത ജനുവരിയിലെ പഠനം പൂര്‍ത്തിയാകൂ എന്നിരിക്കെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി ഹരിത ട്രിബ്യൂണലില്‍ നല്കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കെ റെയിലുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ സുപ്രീംകോടതിക്കൊപ്പം ഹരിത ട്രിബ്യൂണലും പരിഗണിക്കുന്നുണ്ട്. സമര സമിതിയുടെ പഠനത്തില്‍ കണ്ടെത്തിയത് 400 മേല്‍പ്പാലങ്ങള്‍ക്ക് 20 ലക്ഷത്തോളം ചതുരശ്ര മീറ്റര്‍, അഞ്ചടി ഉയരത്തില്‍ 800 കിലോമീറ്റര്‍ സംരക്ഷണഭിത്തിക്ക് 40 ലക്ഷം ചതുരശ്ര മീറ്റര്‍, 530 കിലോമീറ്റര്‍ സില്‍വര്‍ ലൈന്‍ പാതയ്ക്ക് മാത്രം കുറഞ്ഞത് 32.5 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലം ആവശ്യമാണ് എന്നൊക്കെയാണ്.
പ്രളയസാഹചര്യം കണക്കാക്കുമ്പോള്‍ മുപ്പതിലേറെ നദികളെയും നൂറുകണക്കിന് തോടുകളെയും മറികടന്ന് 10-15 മീറ്റര്‍ ശരാശരി ഉയരമുള്ള തിട്ടയിലൂടെ സില്‍വര്‍ ലൈന്‍ നിര്‍മിക്കുമ്പോഴുള്ള പരിസ്ഥിതി ആഘാതവും ചോദ്യം ചെയ്യപ്പെടും. ഡിപിആര്‍ പ്രകാരം പാതയുടെ ഇരുവശത്തുമായി 20 മീറ്റര്‍ വീതം സ്ഥലം ബഫര്‍ സോണായി പരിഗണിക്കുമ്പോള്‍ ആകെ നഷ്ടപ്പെടുന്ന ഭൂമി അയ്യായിരം ഹെക്ടറിലധികമാണ്. ഡിപിആര്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിച്ചത് നഷ്ടമാകുന്ന ഭൂമിയുടെ യഥാര്‍ഥ അളവ് പൊതുജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാനായിരുന്നെന്ന് സമരസമിതി ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]