
തിരുവനന്തപുരം
ശ്രീനന്ദന്റെ ജീവൻ തിരിച്ചുപിടിക്കാൻ കൈകോർത്തു നന്മനിറയും ഹൃദയങ്ങൾ. അപൂർവ രക്താർബുദം ബാധിച്ച ഏഴ് വയസ്സുകാരന് രക്തമൂലകോശങ്ങൾ കണ്ടെത്താനുള്ള പരിശോധനാ ക്യാമ്പിൽ എത്തിയത് 2779 പേർ.തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ ഹാളിലായിരുന്നു പ്രത്യേക പരിശോധനാ ക്യാമ്പ്. രാവിലെ 9.30 മുതലാണ് ക്യാമ്പിന്റെ സമയം അറിയിച്ചിരുന്നതെങ്കിലും രാവിലെ എട്ട് മുതൽ ആളുകൾ എത്തി. തിരക്ക് കൂടിയതോടെ വൈകിട്ട് അഞ്ചിന് നിർത്തേണ്ട ക്യാമ്പ് ആറ് വരെ നീട്ടി.
അപൂർവ അർബുദ ബാധിതനായ ശ്രീനന്ദന് ജീവൻ നിലനിർത്തണമെങ്കിൽ രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കണം. അതിന് രക്തകോശവുമായി സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്തണം. യോജിക്കുന്ന ഒരു രക്തമൂലകോശദാതാവിനെ കണ്ടെത്തിയാലേ ചികിത്സ നടത്താനാകൂ. ഇതിനായാണ് തലസ്ഥാനത്ത് ക്യാമ്പ് സംഘടിപ്പിച്ചത്.
സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വാർത്തയറിഞ്ഞാണ് ഭൂരിഭാഗംപേരും ക്യാമ്പിലെത്തി രജിസ്ട്രേഷൻ നടത്തിയത്. പതിനെട്ടിനും അമ്പതിനും ഇടയിലുള്ളവരിൽനിന്നുള്ള ഉമിനീരാണ് പരിശോധനയ്ക്ക് സ്വീകരിച്ചത്. പരിശോധന നടത്തി 45 ദിവസത്തിനുശേഷമാണ് ഫലം ലഭിക്കുക. കേരളത്തിലെ ആറരലക്ഷം പേരുടെ സാമ്പിളുകൾ പരിശോധിച്ചിട്ടും സാമ്യമുള്ളവരെ ലഭിച്ചിരുന്നില്ല.
രാജ്യത്തും പുറത്തുമുള്ള ദാതാക്കളുടെ ലിസ്റ്റിലും യോജിച്ചത് കിട്ടിയില്ല. ഇതോടെയാണ് തലസ്ഥാനത്ത് ക്യാമ്പ് സംഘടിപ്പിച്ചത്. സ്പീക്കർ എംബി രാജേഷ് ഉൾപ്പെടെയുള്ളവർ ക്യാമ്പിൽ പങ്കെടുത്തു. തലസ്ഥാനത്തെ ക്യാമ്പിൽനിന്ന് ശ്രീനന്ദന്റെ രക്തമൂലകോശദാതാവിനെ കണ്ടെത്താൻ സാധിക്കട്ടെ എന്ന് സ്പീക്കർ പറഞ്ഞു.
പത്തനാപുരത്തും ക്യാമ്പ്
തിരുവനന്തപുരം> ശ്രീനന്ദന് രക്തമൂലകോശ ദാതാവിനെ കണ്ടെത്താൻ ഡോണർ രജിസ്ട്രേഷൻ ക്യാമ്പ് ഏപ്രിൽ മൂന്നിന് പത്തനാപുരത്തും. അൽ അമീൻ പബ്ലിക് സ്കൂളിലാണ് ക്യാമ്പ്.
കൂടുതൽ പേർ രജിസ്റ്റർ ചെയ്താൽ മാത്രമേ ദാതാവിനെ കണ്ടെത്താനാകൂ. പറ്റാവുന്നത്ര ആളുകളിൽ സാമ്യം നോക്കുന്നതിനാണ് കൂടുതൽ ക്യാമ്പുകൾ നടത്തുന്നത്. 18-–-50 വയസുള്ള ആരോഗ്യമുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്- +91 78248 33367, https://datri.org/help-sreenanthan-to-find-a-match/
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]