
സ്വന്തം ലേഖിക
കോട്ടയം: കോട്ടയത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ആയിരക്കണക്കിന് ചലച്ചിത്ര ആസ്വാദകരാണ് സിനിമ കാണാനായി എത്തുന്നത്.
കോട്ടയത്തിന് പുറമേ സമീപ ജില്ലകളിൽ നിന്നുള്ള ചലച്ചിത്ര പ്രേമികളും അനശ്വര, ആഷ, സി.എം.എസ്. കോളജ് തിയറ്ററിലേക്ക് ഒഴുകിയെത്തി. വിദേശികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.
വിദ്യാർഥികളടക്കം 1307 പ്രതിനിധികളാണ് ഇതുവരെ മേളയിൽ രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച പതിവിലുമേറെ തിരക്കേറി. വിദ്യാർഥികൾ കൂടുതലായെത്തി.
സിനിമ കാണാനായി പ്രദർശനത്തിന് വളരെ മുമ്പു തന്നെ തിയേറ്ററിന് മുന്നിൽ ചലച്ചിത്ര പ്രേമികളുടെ നീണ്ട നിരയുണ്ടായിരുന്നു. ഹൗസ്ഫുള്ളായിരുന്നു പ്രദർശനങ്ങൾ.
സിദ്ധാർത്ഥ് ശിവ, കെ.എം. കമൽ തുടങ്ങി ചലച്ചിത്ര സംവിധായകരും തങ്ങളുടെ സിനിമയുടെ പ്രദർശനത്തിനെത്തി.
കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റി, ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ്, എഫ്.എഫ്.എഫ്.ഐ., വിവിധ ചലച്ചിത്ര സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള ചൊവ്വാഴ്ച (ഫെബ്രുവരി 28) അവസാനിക്കും.
പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെ തമ്പ് സാംസ്കാരിക വേദിയിൽ നടക്കുന്ന പുനലൂർ രാജന്റെ അപൂർവ ചലച്ചിത്ര ഫോട്ടോകളുടെ പ്രദർശനം അനർഘ നിമിഷം കാണാനും തിരക്കുണ്ടായിരുന്നു. ചലച്ചിത്ര പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തം കൊണ്ട് മേള ജനകീയമായതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു.
The post കോട്ടയം രാജ്യാന്തര ചലച്ചിത്രമേള; ചലച്ചിത്രപ്രേമികൾ ഒഴുകിയെത്തി; മേള ഹൗസ്ഫുൾ; ശ്രദ്ധേയമായി വിദേശികളുടെ പങ്കാളിത്തവും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]