പാലക്കാട് : നവകേരള സദസിന്റെ വാഹനത്തിന് ചെലവാക്കിയ പണം സാമൂഹ്യ പെന്ഷന് നല്കാന് വിനിയോഗിച്ചിരുന്നെങ്കില്‍ ഈ നാട്ടിലെ പാവങ്ങളുടെ പ്രാർത്ഥനക്ക് ഫലമുണ്ടാവുമായിരുന്നുവെന്ന് നടനും , എം പി യുമായിരുന്ന സുരേഷ്ഗോപി.
എംപി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച പാലക്കാട് പല്ലശ്ശന പഞ്ചായത്ത് പത്താം ഒഴിവുപാറ കെസി പറമ്പ് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവകേരള സദസില്‍ വെറും വാചകവും തള്ളും മാത്രമാണ് ഉള്ളത് . ഇത് പാര്‍ട്ടിയെ കനപ്പിക്കാനും, പാര്‍ട്ടിയിലെ വ്യക്തികളെ കനപ്പിക്കാനുമാണ്. ജനകീയ സമരങ്ങള്‍ നടത്തേണ്ട കാലം അതിക്രമിച്ചു.പെട്രോളിനും, ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ പിരിക്കുന്ന ചുങ്കം ഇനി തരില്ലെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അതിനായി ഒരു കക്ഷിക്ക് വേണ്ടിയും കാത്തുനില്‍ക്കരുത്.
വെറുതെ പെട്രോളിനും ഡീസലിനും വിലകൂട്ടിയെന്ന് പറഞ്ഞ് അക്രമം അഴിച്ചുവിടുന്നവരാണ് അതിന് രണ്ടു രൂപ കൂട്ടിക്കൊണ്ട് അടിച്ചുമാറ്റുന്നത്. അതില്‍ നിന്നു പോലും പെന്ഷന് കൊടുക്കാന്‍ സാധിക്കുന്നില്ലെന്നത് പരിതാപകരമാണ് . ഈ മണ്ണും രാജ്യവും നമ്മുടേതാണെന്നും രാജ്യത്തിന് വേണ്ടി ഒത്തൊരുമിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.