
തിരുവനന്തപുരം> ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള സുവർണ ചകോരം നതാലി മെസെന്റ് സംവിധാനം ചെയ്ത സ്വീഡിഷ് ചിത്രം ‘ക്ലാര സോള’ യ്ക്ക്. മികച്ച സംവിധാനത്തിനുള്ള രജതചകോരം ‘കാമില കംസ് ഔട്ട് ടുനൈറ്റ്’ ലൂടെ ഇനെസ് മരിയ ബരിനേവോ നേടി.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും നതാലി അൽവാരെസിനാണ്. പ്രേക്ഷകപ്രീതി ഉൾപ്പടെ മൂന്ന് പുരസ്കാരം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ നേടി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം, രാജ്യാന്തര മല്‍സര വിഭാഗത്തിൽ ജൂറി പുരസ്ക്കാരം എന്നിവയാണ് കൂഴങ്കൽ നേടിയത് .
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്കാരത്തിന് ദിനാ അമർ സംവിധാനം ചെയ്ത യു റീസെമ്പിൽ മി തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രം കൃഷന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്എഫ്എസ്എ- കെ ആർ മോഹനൻ പുരസ്കാരത്തിന് പ്രഭാഷ് ചന്ദ്ര സംവിധാനം ചെയ്ത അയാം നോട്ട് ദി റിവർ ഝലവും മലയാള ചിത്രമായ നിഷിദ്ധോയും തെരെഞ്ഞെടുക്കപ്പെട്ടു. (സംവിധായിക താരാ രാമാനുജൻ ). മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം നേടി.
രാജ്യാന്തര മല്‍സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിനു കമീലാ കംസ് ഔട്ട് റ്റു നെറ്റിലെ അഭിനേത്രി നീന ഡിയംബ്രൗസ്കി അർഹയായി. ഇസ്രയേൽ ചിത്രം ലെറ്റ് ഇറ്റ് മി മോർണിംഗും ജൂറിയുടെ പ്രത്യേക പരാമർശം നേടി. നിശാഗന്ധിയിൽ നടന്ന സമാപനച്ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം സമ്മാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]