
ചണ്ഡിഗഢ്: എംഎല്‍എമാര്‍ക്ക് പെന്ഷന് വെട്ടിക്കുറച്ച് പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബില്‍ ഇനി മുന്‍ എംഎല്‍എമാര്‍ക്ക് ഒരു ടേമിന് മാത്രമേ പെന്ഷന് നല്‍കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. എംഎല്‍എ ആയിരുന്ന ഓരോ ടേമിനും പെന്ഷന് നല്കുന്ന പതിവ് അവസാനിപ്പിക്കുകയാണെന്ന് മാന്‍ അറിയിച്ചു.
മുന്‍ എംഎല്‍എമാര്‍ക്ക് അവര്‍ രണ്ട് തവണയോ അഞ്ച് തവണയോ പത്ത്തവണയോ ജയിച്ചവര്‍ ആയാലും ഒരു തവണത്തേക്ക് മാത്രമേ പെന്ഷന് നല്‍കൂ. പല തവണ എംഎല്‍എമായിരുന്ന പലരും പിന്നീട് എംപിമാരായി അതിനൊപ്പം എംഎല്‍എ പെന്ഷന് കൂടി വാങ്ങുന്നുണ്ട്. ഇത് അവസാനിപ്പിക്കുകയാണെന്ന് മാന്‍ വ്യക്തമാക്കി. പലവട്ടം എംഎല്‍എമാരായിരുന്നവര്‍ പിന്നീട് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയോ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാതിരിക്കുകയോ ചെയ്യുമ്പോഴും പെന്ഷന് ഇനത്തില്‍ അവര്‍ക്കു വന്‍ തുക കിട്ടുന്നുണ്ട്.
ചിലര്‍ക്ക് മൂന്നര ലക്ഷവും ചിലര്‍ക്ക് നാലര ലക്ഷവും പെന്ഷന് കിട്ടുന്നുണ്ട്. ഇതു വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഈ പണം ജനങ്ങളുടെ ക്ഷേമത്തിനായി ചിലവഴിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 75,000 രൂപയാണ് ഒരു തവണ എംഎല്‍എ ആയിരുന്നയാള്‍ക്ക് പഞ്ചാബില്‍ പെന്ഷന് ലഭിക്കുന്നത്.
പിന്നീടുള്ള ഓരോ തവണയ്ക്കും 66 ശതമാനം തുക അധികം ലഭിക്കുന്നതാണ് നിലവിലെ രീതി. ഈ തീരുമാനം എഎപി സര്‍ക്കാര്‍ കൈക്കൊണ്ടതോടെ കോടികളാണ് ഖജനാവിന് ലാഭിക്കാനാവുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഭഗവന്ത് മാനിന്റെ ഈ നീക്കത്തിന് വലിയ പൊതുജനസ്വീകാര്യതയാണ് കൈവന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]