കുണ്ടറ ∙ സമീപവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നു പെട്രോൾ ബോംബേറും ആക്രമണവും. കൊട്ടാരക്കര കോടതി ജീവനക്കാരൻ ഉൾപ്പെടെ 2 പേരെ വെട്ടിപ്പരുക്കേൽപ്പിച്ചു. സംഘട്ടനത്തിൽ ദമ്പതികൾക്കും മകനും പരുക്കേറ്റു.
ഗുരുതരമായി വെട്ടേറ്റ കോടതി ജീവനക്കാരൻ കുണ്ടറ കാഞ്ഞിരകോട് കൂളപൊയ്ക ഭാഗത്ത് അലൻ നിവാസിൽ ഡേവിഡ്സൺ (50), സമീപവാസിയും ബന്ധുവുമായ നന്ദാവനത്തിൽ ജോസ് ഡെൻസൺ (48) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുപുഷ്പ വിലാസത്തിൽ ബനാൻസ് (45), ഭാര്യ റിജിൻ (38), മകൻ ബിബിൻ (21) എന്നിവർ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മിനിഞ്ഞാന്നു രാത്രിയോടെയാണു സംഭവങ്ങൾക്കു തുടക്കം. പൊലീസ് പറയുന്നത്: ഡേവിഡ്സൺ വാഹനത്തിൽ വീട്ടിലേക്കു വരുന്നതിനിടെ വഴിയിൽ ബിബിനുമായി തർക്കമുണ്ടായി. തുടർന്നു സംഘർഷത്തിന്റെ വക്കോളമെത്തിയെങ്കിലും വിവരമറിഞ്ഞു കുണ്ടറയിൽ നിന്നു പൊലീസെത്തിയതോടെ ഇരുകൂട്ടരും പിൻവലിഞ്ഞു. പുലർച്ചെ ഒരു മണിയോടെ ഇരുകൂട്ടരും തമ്മിൽ വീണ്ടും സംഘർഷമുണ്ടായി.
ബിബിനെ വീട്ടിൽക്കയറി മർദിക്കാനെത്തിയ ഡേവിഡ്സണിനും ജോസ് ഡെൻസണിനും നേരെ ഒരു സംഘം പെട്രോൾ ബോംബ് എറിയുകയും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും വെട്ടിപ്പരുക്കേൽപിക്കുകയുമായിരുന്നു. തലയ്ക്കും കൈയ്ക്കുമാണു വെട്ടേറ്റത്. ഇരുകൂട്ടരും തമ്മിൽ നടന്ന സംഘർഷത്തിൽ ബിബിനും ബനാൻസിനും റജിലിനും പരുക്കേറ്റു. ബിബിന്റെ കൈക്കു പൊട്ടലുണ്ട്. ഇരുകൂട്ടർക്കുമെതിരെ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു.
പെയിന്റിങ് തൊഴിലാളിയായ ബനാൻസിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ പെട്രോളിനൊപ്പം കുപ്പിയിൽ ചേർത്തു കത്തിച്ചെറിയുകയാണു ചെയ്തതെന്നു സംശയിക്കുന്നതായും സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]