

ലക്നൗ: വിദേശത്ത് നിന്ന് അനധികൃതമായി പണം സ്വീകരിച്ചുവെന്ന് കണ്ടെത്തിയ മദ്രസകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. നേപ്പാൾ അതിർത്തിയിലുള്ള 4000 മദ്രസകളെക്കുറിച്ച് അന്വേഷണം നടത്തും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അധികൃതർ വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയോ മതപരിവർത്തനത്തിനോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ ഈ തുക ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷണസംഘം പരിശോധിക്കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് എഡിജി മോഹിത് അഗർവാളിന്റെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണസംഘത്തെ രൂപീകരിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. സൈബർ സെൽ പോലീസ് സൂപ്രണ്ട് ത്രിവേണി സിംഗ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ജെ റീഭ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഉത്തർപ്രദേശിൽ മാത്രം ഏകദേശം 24,000 മദ്രസകളാണുള്ളത്. ഇതിൽ 16,000ത്തോളം മദ്രസകൾക്ക് അംഗീകാരമുണ്ട്. 8000ത്തോളം മദ്രസകൾ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും എഡിജി അഗർവാൾ പറയുന്നു. നിലവിൽ 4000 മദ്രസകളാണ് അന്വേഷണ പരിധിയിൽ വരുന്നത്. ഇവർക്ക് നോട്ടീസ് നൽകാനുള്ള നടപടികൾ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും എഡിജി വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ നിരവധി മദ്രസകളാണ് വന്നത്. മഹാരാജ്ഗഞ്ച്, സിദ്ധാർത്ഥനഗർ, ശ്രാവസ്തി, ബൽറാംപൂർ, ബഹ്റൈച്ച്, ലഖിംപൂർ ഖേരി, പിലിഭിത് എന്നീ സ്ഥലങ്ങളിലാണ് ഇവയുള്ളത്. വിദേശത്ത് നിന്ന് ഈ മദ്രസകളിലേക്ക് പണം ലഭിക്കുന്നുണ്ടെന്നും ഇത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും നേരത്തെ തന്നെ പരാതി ലഭിച്ചതായി അന്വേഷണസംഘം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം നടത്തിയ അന്വേഷണത്തിൽ മിക്ക മദ്രസകളിലേക്കും വലിയ തുക ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും കൃത്യമായ കണക്ക് വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല.