
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അന്തരിച്ച മുന്മുഖ്യമന്ത്രി ഉമ്മന് ചാണ്ടി അനുസ്മരണ യോഗത്തിൽ പ്രസംഗിക്കാൻ എഴുന്നേറ്റ മുഖ്യമന്ത്രി പിണറായി വിജയനുമുന്നിൽ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച് പാർട്ടി പ്രവർത്തകർ. അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിനിടയിലാണ് സംഭവം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അനുസ്മരണ പ്രഭാഷണത്തിന് തൊട്ടു പിന്നാലെ പ്രസംഗിക്കാനെത്തിയ പിണറായി വിജയനു മുന്നിൽ ആരോ വിളിച്ചുകൊടുത്ത മുദ്രാവാക്യം സദസിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ ഏറ്റു വിളിക്കുകയായിരുന്നു.
മുഖ്യമന്ത്രി മൈക്കിനു മുന്നിൽ ചെന്നുനിന്നിട്ടും മുദ്രാവാക്യം വിളി തുടർന്നതോടെ സമീപത്തുനിന്ന നേതാക്കളിൽ ചിലർ പ്രവർത്തകരോടു നിശബ്ദരാകാൻ ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളി തുടർന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഉൾപ്പെടെ ഇടപെട്ടാണ് പ്രവർത്തകരെ നിശബ്ദരാക്കിയത്. വി.ടി.ബൽറാം ഉൾപ്പെടെയുള്ള യുവ നേതാക്കളും വേദിയിൽ എഴുന്നേറ്റുനിന്നു പ്രവർത്തകരോട് നിശബ്ദരാകാൻ ആവശ്യപ്പെട്ടു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അനുസ്മരണ പ്രഭാഷണം പൂർത്തിയായതിനു പിന്നാലെ, അടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നുവെന്ന് അനൗൺസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മുദ്രാവാക്യം വിളി ആരംഭിച്ചത്. ‘‘ഉമ്മൻ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞു മരിച്ചെന്ന്…’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ബഹളം വച്ചതോടെയാണ്, മുഖ്യമന്ത്രിക്കു സമീപം നിന്നിരുന്ന നേതാക്കളിൽ ചിലർ ഇടപെട്ടത്. മുദ്രാവാക്യം വിളി നിർത്താൻ ഇവർ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ ആവേശത്തോടെ ഏറ്റുവിളിച്ചു.
തുടർന്ന് വേദിയിലിരുന്ന യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉൾപ്പെടെ എഴുന്നേറ്റ് വിലക്കിയതോടെയാണ് പ്രവർത്തകർ നിശബ്ദരായത്. തുടർന്ന് മുഖ്യമന്ത്രി പ്രസംഗം ആരംഭിക്കുകയും ചെയ്തു. രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒന്നിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും തനിക്കു തുടർച്ചയായി സഭയിലെ അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി തുടർച്ചയായി ആ ചുമതല ഭംഗിയായി നിറവേറ്റി. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത് ശോഭിക്കുന്ന ഭരണാധികാരിയെന്നു കേരളത്തിനു മുന്നിൽ തെളിയിച്ചു. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും ഈ ഭരണപരിചയം അദ്ദേഹത്തിനു ശക്തി പകർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
The post ‘ഉമ്മൻ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, …പ്രസംഗിക്കാനെത്തിയ പിണറായി വിജയനു മുന്നിൽ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച് പാർട്ടി പ്രവർത്തകർ; മൈക്കിനു മുന്നിൽ ചെന്നുനിന്നിട്ടും മുദ്രാവാക്യം വിളി തുടർന്നതോടെ ഇടപെട്ട് നേതാക്കൾ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]