സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൊഴിൽ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളും പദ്ധതികളും നേരിട്ട് മനസ്സിലാക്കാനെത്തിയ ഹരിയാന തൊഴിൽ മന്ത്രി അനൂപ് ധനക്കിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘവുമായി തൊഴിൽമന്ത്രി വി ശിവൻകുട്ടി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന് തന്നെ മാതൃകയായ നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിന് സാഹചര്യമൊരുക്കുന്ന കർമ്മചാരി പദ്ധതി, ഓൺലൈൻ ടാക്സി സർവീസ് സംവിധാനമായ കേരള സവാരി എന്നിവ കാലത്തിനൊപ്പം തൊഴിൽ മേഖലയെ സജ്ജമാക്കുന്ന പദ്ധതികളാണെന്ന് മന്ത്രി ശിവൻകുട്ടി വിശദീകരിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നതും ഏറ്റവും കൂടുതൽ മേഖലകളിൽ മിനിമം വേതനം ഉറപ്പാക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. 16 ക്ഷേമനിധിബോർഡുകൾ രൂപീകരിച്ച് തൊഴിലാളികളുടെ ക്ഷേമവും സാമൂഹിക, സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്.
അതിഥിതൊഴിലാളികളുടെ ക്ഷേമത്തിന് മുൻതൂക്കം നൽകുന്നതായും തദ്ദേശീയ തൊഴിലാളികൾക്കൊപ്പം അവർക്കും തൊഴിൽ സുരക്ഷയും വേതനവും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കി വരുന്ന കേരള സവാരി, കർമ്മചാരി പദ്ധതികളിൽ ഹരിയാന തൊഴിൽ മന്ത്രി പ്രത്യേകം താൽപര്യമറിയിച്ചു.
അദ്ദേഹത്തിനൊപ്പം ഹരിയാന ലേബർ കമ്മീഷണർ മണി റാം ശർമ്മ, അഡീഷണൽ ലേബർ കമ്മീഷണർ അനുരാധ ലാംബ, ഫാക്ടറീസ് ഡെപ്യൂട്ടി ഡയറക്ടർ ജിതേന്ദർ കുമാർ, അസി. ഡയറക്ടർ രോഹിത് ബെറി എന്നിവരും ഔദ്യോഗിക സംഘത്തിലുണ്ട്. തിരുവനന്തപുരം മാസ്കൊട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലേബർ സെക്രട്ടറി അജിത് കുമാർ, എംപ്ലോയ്മെന്റ് ഡയറക്ടർ വീണാമാധവൻ, അഡീ. ലേബർ കമ്മീഷണർമാരായ കെ ശ്രീലാൽ, കെ.എം സുനിൽ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
The post രാജ്യത്തിന് തന്നെ മാതൃകയായ നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കി വരുന്നത്: ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വി ശിവൻകുട്ടി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]