
തിരുവനന്തപുരം: കടക്കെണിയിലകപ്പെട്ട് സപ്ലൈകോ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാർ ഓണക്കിറ്റ് വിതരണം വെട്ടിച്ചുരുക്കുന്നു. ഇപ്രാവശ്യം മഞ്ഞ കാർഡുകാർക്ക് മാത്രം കിറ്റ് നൽകാനാണ് തീരുമാനം. 450 രൂപയുടെ ചെലവാണ് ഒരു കിറ്റിന് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ പ്രാവിശ്യത്തെ പോലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് നൽകാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. ഇതോടെ മുൻഗണന വിഭാഗത്തിലെ മഞ്ഞ കാർഡ് ഉപഭോക്താക്കളായ 5.87 ലക്ഷം പേർക്ക് മാത്രമാകും ഓണകിറ്റ് ലഭിക്കുക. 30 കോടി രൂപയാണ് ഇതിന് ആവശ്യം.
എന്നാൽ സർക്കാരിന് മുൻകാലങ്ങളിൽ വാങ്ങിയ സാധനങ്ങൾക്ക് പോലും ഇതുവരെ പണം നൽകാനായിട്ടില്ല. 200 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത്. അടിയന്തിരമായി 1500 കോടി അനുവദിക്കണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും 250 കോടി രൂപ നൽകാനാണ് ധനവകുപ്പ് അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ ഓണക്കിറ്റ് വിതരണത്തിലുടെ സർക്കാരിന് ചെലവായത് 425 കോടി രൂപയാണ്. 500 രൂപ ചെലവ് വരുന്ന 13 ഇനങ്ങളാണ് അന്ന് എല്ലാ കാർഡ് ഉടമകൾക്കും വിതരണം ചെയ്തത്. കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ ഇനത്തിൽ 45 കോടി നൽകാനുണ്ട്, ഇത് നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ അതിനുള്ള വഴിയും കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഭക്ഷ്യവകുപ്പ്.
സാധനങ്ങൾക്ക് വില നൽകാത്തത് കൊണ്ട് തന്നെ വിതരണക്കാർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. 600 കോടി രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. അതുകൊണ്ട് തന്നെ സബ്സിഡിയ്ക്ക് വിൽക്കുന്നതിൽ മിക്ക സാധനങ്ങളും ലഭ്യമല്ല. നിലവിൽ വെളിച്ചെണ്ണ, പഞ്ചസാര, മല്ലി, ഉഴുന്ന് തുടങ്ങി കുറച്ച് സാധനങ്ങൾ മാത്രമാണ് സപ്ലൈകോ ശേഖരത്തിലുള്ളത്. സപ്ലൈകോയ്ക്കുള്ള കുടിശിക നൽകിയില്ലെങ്കിൽ ഓണച്ചന്തയെ ബാധിക്കുമെന്നതിൽ സംശയമില്ല. സബ്സിഡി നിരക്കിൽ ലഭിക്കുന്ന സാധനങ്ങൾ ഇല്ലാതാക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കും. പാവങ്ങളുടെ നെഞ്ചിൽ കനൽ കോരിയിടുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനം രൂക്ഷമാണ്.
The post സർക്കാരിന്റ ധൂർത്ത് വിനയായി, കടത്തിന്റെ പാരമ്യത്തിൽ സപ്ലൈകോ; ഓണക്കിറ്റ് വെട്ടിച്ചുരുക്കി ഭക്ഷ്യവകുപ്പ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]