

സംസ്ഥാനത്തെ മൂന്ന് കെ.എം.സി.എല്‍ മരുന്ന് സംഭരണ കേന്ദ്രങ്ങൾ കത്തിയമർന്നതില്‍ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തി സർക്കാർ. ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണം തുടരുന്നുവെന്നാണ് അധികൃതരുടെ മറുപടി. മൂന്ന് ഗോഡൗണുകൾ കത്തിയതിന്റെ കാരണവും ഇപ്പോഴും വ്യക്തമല്ല.
കൊല്ലത്തെ കെ എം എസ് സി എല്‍ ഗോഡൗണിന് തീപിടിച്ചത് മേയ് 17 ന്, മേയ് 23 ന് തുമ്പയിലെ ഗോഡൗണില്‍ വന്‍ അഗ്നിബാധ, അഗ്നിരക്ഷാ സേനാംഗത്തിന് ദാരുണാന്ത്യം , 27 ന് ആലപ്പുഴ ഗോഡൗണിലും തീപിടിത്തം. മൂന്ന് വന്‍ അപകടങ്ങള്‍ ഉണ്ടായിട്ടും കാരണം ഇപ്പോഴും അജ്ഞാതം. മൂന്നിടത്തും തീപിടിച്ചത് ബ്ളീച്ചിങ് പൗഡറിന്. വിതരണം ചെയ്ത കമ്പനികളോട് സ്റ്റോക്ക് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതല്ലാതെ കാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ഫയര്‍ഫോഴ്സ് , ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഡ്രഗ്സ് കണ്ട്രോള് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ചേർന്ന് അന്വേഷണം നടത്തുമെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം.
ബ്ലീച്ചിങ് പൗഡറിന്റെ നിർമാണത്തിലെ അപാകതയാണ് അപകടമുണ്ടാക്കിയതെന്ന് ആക്ഷേപം ഉയർന്നെങ്കിലും ബ്ലീച്ചിങ് പൗഡർ സുരക്ഷിതമെന്നായിരുന്നു ലാബ് പരിശോധനാ റിപ്പോർട്ട്. പിന്നാലെ വിതരണക്കമ്പനികളായ ബങ്കെബിഹാരി കെമിക്കല്‍സ് , പാര്‍ക്കിന്‍സ് എന്റര്‍പ്രൈസസ് എന്നിവയ്ക്ക് മുഴുവൻ തുകയും കൈമാറി. കൊല്ലം സംഭരണ കേന്ദ്രത്തിലെ നഷ്ടം 7.48 കോടി ,തിരുവനന്തപുരത്ത് 1. 32 കോടിയുടേയും ആലപ്പുഴയിൽ 50 ലക്ഷത്തിന്റെ മരുന്നും ഉപകരണങ്ങളും കത്തിയമർന്നു.