

തദ്ദേശ വാര്‍ഡ് പുനര്‍നിര്‍ണയത്തിനുള്ള ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍. ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. വരുന്ന സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടുവരാനും തീരുമാനം.
പെരുമാറ്റച്ചട്ടം നിലവിലുള്ളത് ചൂണ്ടിക്കാട്ടി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയതോടെയാണ് പുതിയ നീക്കം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനും ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ബില്‍ കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനമെടുക്കുകയായിരുന്നു.
2020 ലെ ഭേദഗതി പ്രകാരമാണ് തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ കൊണ്ടുവന്നത്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി നടപ്പിലാക്കാനായിരുന്നു തീരുമാനം. ഓര്‍ഡിനന്‍സ് അനുസരിച്ച് വിഭജനത്തോടെ പഞ്ചായത്തുകളില്‍ 1300ലേറെ പുതിയ വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഏഴ് വാര്‍ഡുകളും നഗരസഭകളില്‍ 127 വാര്‍ഡുകളുടെയും വര്‍ധനയുണ്ടാകും. വാര്‍ഡുകളുടെ അതിര്‍ത്തിയിലും വ്യത്യാസം വരും. കൊച്ചി കോര്‍പറേഷനില്‍ മാത്രം രണ്ട് വാര്‍ഡുകളും മറ്റ് കോര്‍പറേഷനുകളില്‍ ഓരോ വാര്‍ഡിന്റെയും വീതമാണ് വര്‍ധന വരിക. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിറക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു.