
ന്യൂഡൽഹി: ജി.എസ്.ടി സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത ചെറുകിട വ്യാപാരികൾക്കായി ദേശീയനയം പ്രഖ്യാപിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇവർക്കായി അപകട ഇൻഷുറൻസ് പദ്ധതി കൊണ്ടുവരും. ചില്ലറ വ്യാപാരികൾക്ക് കൂടുതൽ വായ്പയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും നൽകാൻ ദേശീയ നയത്തിൽ ശ്രമിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
ചെറുകിട വ്യാപാര മേഖലയുടെ നവീകരണം, ഡിജിറ്റൽവത്കരണം, വിതരണ സംവിധാനത്തെ സഹായിക്കുന്ന അടിസ്ഥാന സൗകര്യമൊരുക്കൽ, നൈപുണ്യ വികസനം, ഫലപ്രദമായ പരാതി പരിഹാര സംവിധാനം എന്നിവയും ലക്ഷ്യങ്ങളാണ്.
ലോകത്തെ അഞ്ചാമത്തെ വലിയ ചില്ലറ വ്യാപാര വിപണിയാണ് ഇന്ത്യയുടേത്. ഇൻഷുറൻസ് പദ്ധതി ധന, വാണിജ്യ മന്ത്രാലയങ്ങൾ ചേർന്ന് രൂപപ്പെടുത്തി വരുകയാണെന്നും ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ചെറുകിട വ്യാപാര മേഖലയോടുള്ള സർക്കാർ സമീപനത്തിൽ വ്യാപാരികൾക്കിടയിൽ നിലനിൽക്കുന്ന അതൃപ്തി തിരിച്ചറിഞ്ഞാണ് സർക്കാറിന്റെ ചുവടുവെപ്പ്.
ഏറ്റവും കൂടുതൽ പേർ ജീവനോപാധി കണ്ടെത്തുന്ന ഈ അസംഘടിത മേഖലയിൽ സാമൂഹിക സുരക്ഷ പദ്ധതികളൊന്നും നിലവിലില്ല.
ചെറുകിട മേഖല പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് തുറന്നു കൊടുത്തത് തദ്ദേശീയരായ വ്യാപാരികളുടെ പിടിച്ചു നിൽപ് പ്രയാസത്തിലാക്കി. ആർ.എസ്.എസ് അനുകൂല സ്വദേശി ജാഗരൺ മഞ്ച് അടക്കമുള്ള സംഘടനകൾ പ്രകടിപ്പിച്ച എതിർപ്പ് സർക്കാർ വകവെച്ചിരുന്നില്ല.
ഇതിനു പിന്നാലെ മതിയായ തയാറെടുപ്പുകളില്ലാതെ ജി.എസ്.ടി നടപ്പാക്കിയതാകട്ടെ, നികുതി റിട്ടേൺ നൽകുന്നതിൽ അടക്കം ചെറുകിട വ്യാപാരികളെ വലച്ചു. മോദി സർക്കാറിന്റെ നോട്ട് നിരോധനവും ചില്ലറ വ്യാപാര മേഖലക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയിൽ ഈ അസംതൃപ്തി തീർത്തെടുക്കാനൊരു വഴിയാണ് ദേശീയ നയത്തിലൂടെ സർക്കാർ തേടുന്നത്. നയം എന്ന് പുറത്തിറങ്ങുമെന്നും, പ്രായോഗികമായി എന്തൊക്കെ നടപ്പാകുമെന്നും ഇനിയും വ്യക്തതയായിട്ടില്ല. ഔപചാരികമായി നയം സർക്കാർ പ്രഖ്യാപിക്കാൻ മാസങ്ങൾ എടുത്തേക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]