
തിരുവനന്തപുരം
കെ റെയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ സമരക്കാരുടെ പേരിൽ തെറ്റിദ്ധാരണ പരത്താൻ ‘മുഖ്യധാര’ മാധ്യമങ്ങളുടെ സംഘടിത നീക്കം. പ്രതിപക്ഷ കൂട്ടുമുന്നണി നടത്തുന്ന കലാപശ്രമങ്ങൾക്ക് എണ്ണയൊഴിക്കാനാണ് ഇത്തരം മാധ്യമങ്ങളുടെ ശ്രമം.
ഭാവി കേരളത്തിനുണ്ടാകുന്ന വൻ കുതിപ്പ് അറിഞ്ഞിരിന്നുകൊണ്ടു തന്നെ സർക്കാർ വിരുദ്ധ രാഷ്ട്രീയകൂട്ടുകെട്ട് വളർത്താനാണ് നീക്കം. പദ്ധതിയുടെ പ്രയോജനത്തെക്കുറിച്ചോ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത അലൈൻമെന്റിനെക്കുറിച്ചോ മനഃപൂർവ നിശ്ശബ്ദതയാണ് ഇവർ പുലർത്തുന്നത്. ഇപ്പോൾ നടക്കുന്നത് സാമൂഹ്യാഘാത പഠനത്തിനുള്ള അളന്നു തിരിക്കലാണെന്ന് വ്യക്തമായിട്ടും പ്രതിപക്ഷത്തിന്റെ ‘ഭൂമി ഏറ്റെടുക്കൽ’ വാദങ്ങളാണ് ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്. എൽഡിഎഫ് സർക്കാർ ആവശ്യമില്ലാത്ത പദ്ധതി കൊണ്ടുവരുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം പദ്ധതികൾ നടക്കുമ്പോൾ ഇവിടെ വേണ്ടെന്ന് എന്തിന് വാദിക്കുന്നെന്ന ചോദ്യത്തിന് ഉത്തരമില്ല.
തത്വത്തിലുള്ള അംഗീകാരം, ഡിഎംആർസി ഉൾപ്പെടെ നടത്തിയ പഠനങ്ങളുടെ പിൻബലം, മൂന്നും നാലും പാതയ്ക്കുള്ള കേന്ദ്രാനുമതി, അളന്ന് കല്ലിട്ട് സർവേ നടത്താനുള്ള ഹൈക്കോടതി അനുമതി തുടങ്ങിയ വസ്തുതകൾ എല്ലാം മറച്ചുവച്ചാണ് മാധ്യമങ്ങളുടെ കളി. എൽഡിഎഫ് സർക്കാറിന് തുടർഭരണം ലഭിച്ചതിനോടുള്ള പക തീർക്കാനിറങ്ങുന്ന ഈ മാധ്യമങ്ങൾ സംസ്ഥാനത്തെ ചരിത്രപരമായി പിന്നോട്ടടിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
വില്ലൻ ‘കല്ലോ’
മറ്റെല്ലാ വാദങ്ങളും പൊളിയുമെന്നായപ്പോൾ ‘അതിർത്തി കല്ലി’ൽ പ്രശ്നമുന്നയിച്ച് കൂട്ടുമുന്നണിയും മാധ്യമങ്ങളും. എന്തിന് കല്ലിടുന്നുവെന്ന ബാലിശമായ വാദമാണ് ഇവരുയർത്തുന്നത്. എന്നാൽ, 2013ലെ ഭൂമി ഏറ്റെടുക്കൽ–-നഷ്ടപരിഹാര പുനരധിവാസ നിയമമനുസരിച്ചും കെ റെയിലിന് ഹൈക്കോടതി നൽകിയ അനുവാദമനുസരിച്ചും സ്ഥലം അളക്കാനും അതിർത്തി അടയാളപ്പെടുത്താനും കഴിയും. അടയാളപ്പെടുത്തുക എന്നത് നിയമപ്രകാരം ‘ദീർഘകാല ലക്ഷ്യത്തോടെയുള്ള അതിര് സ്ഥാപിക്കൽ’ എന്നാണ്. എത്രവർഷം കഴിഞ്ഞാലും കോടതി വ്യവഹാരങ്ങൾക്കടക്കം റെയിൽവേയ്ക്കും നാട്ടുകാർക്കും അതിർത്തി അടയാളം ആവശ്യമാണ്. വേണമെങ്കിൽ അതിരിൽ കിടങ്ങ് കുഴിക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. റെയിൽവേ സ്ഥലം അളന്നാൽ കൂറ്റൻ ഇരുമ്പ് ഗേഡർ സ്ഥാപിക്കുകയാണ് പതിവ്. അത് എളുപ്പത്തിൽ പറിക്കാനും കഴിയില്ല. ദേശീയപാതയിലും കോൺക്രീറ്റ് തൂണുകൾ അതിർത്തിയിൽ സ്ഥാപിക്കുന്നു. യുഡിഎഫ് സർക്കാരുകൾ നടക്കാത്ത വിവിധ പദ്ധതികളുടെ പേരിൽ ഇട്ട കല്ലുകൾ ഇപ്പോഴും നാട്ടിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]