
സിഡ്നി
സ്വപ്നങ്ങൾക്കുപിന്നാലെയാണ് ആഷ്-ലി ബാർട്ടി. ഒറ്റലക്ഷ്യത്തിൽ തീരുന്നതല്ല ബാർട്ടിയുടെ യാത്രകൾ. ഓരോ വഴിയിലും ഓരോ വിസ്മയം. വനിതാ ടെന്നീസിൽ നിലവിലെ ഒന്നാംറാങ്കുകാരിയാണ്. ഇടവേളയെടുത്ത് ക്രിക്കറ്റ് കളിച്ചു. കോവിഡ്കാലത്ത് ഗോൾഫിലും ഇറങ്ങി. ഒടുവിൽ 25–-ാംവയസ്സിൽ എല്ലാവരെയും ഞെട്ടിച്ച് ടെന്നീസിൽനിന്ന് വിരമിക്കൽ. ‘എനിക്കറിയില്ല ഇത് ശരിയായ സമയമാണോയെന്ന്. പക്ഷേ, ഞാൻ റാക്കറ്റ് മാറ്റിവയ്ക്കുകയാണ്. എന്റെ മറ്റ് സ്വപ്നങ്ങൾക്കുപിന്നാലെ നീങ്ങുകയാണ്’– ബാർട്ടി പറഞ്ഞു.
ലോക വനിതാ ടെന്നീസിൽ നിലവിൽ കളിക്കുന്നവരിൽ മികച്ച താരമാണ് ഓസ്ട്രേലിയക്കാരി. മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടി. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം. കഴിഞ്ഞവർഷം വിംബിൾഡണും 2019ൽ ഫ്രഞ്ച് ഓപ്പണും നേടി. 2018ലെ യുഎസ് ഓപ്പണിൽ ഡബിൾസ് വിഭാഗത്തിലും ചാമ്പ്യനായി. 44 വർഷത്തിനുശേഷമാണ് ഓസ്ട്രേലിയൻ ഓപ്പൺ വനിതാവിഭാഗത്തിൽ ഒരു ഓസ്ട്രേലിയക്കാരി ചാമ്പ്യനാകുന്നത്. 2019ൽ ഒന്നാംറാങ്കിലെത്തി. 114 ആഴ്ചകളായി അതിന് മാറ്റമില്ല. സെറീന വില്യംസിനും സ്റ്റെഫി ഗ്രാഫിനുംശേഷം ഇത്രയും ദീർഘകാലം ഒന്നാംറാങ്കിലിരുന്ന മറ്റൊരു താരമില്ല.
ഏകദേശം 188 കോടി രൂപ ടെന്നീസിൽനിന്ന് സമ്മാനത്തുകയായി ബാർട്ടിക്ക് കിട്ടിയിട്ടുണ്ട്. ജൂനിയർതലത്തിൽ രണ്ടാംറാങ്കുകാരിയായിരുന്നു. 15–ാംവയസ്സിൽ ഓസ്ട്രേലിയൻ ഓപ്പണിൽ അരങ്ങേറി. 2014ൽ ടെന്നീസിൽനിന്ന് ഇടവേള. നേരെ പോയത് ക്രിക്കറ്റ് കളിക്കാൻ. അതുവരെ പ്രൊഫഷണൽ കളിക്കാത്ത ബാർട്ടി സിക്സറും ഫോറും പായിക്കുന്നത് അമ്പരപ്പോടെയാണ് കണ്ടത്. ഓസ്ട്രേലിയൻ ലീഗായ ബിഗ്ബാഷിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സിനുവേണ്ടിയുള്ള അരങ്ങേറ്റക്കളിയിൽ മെൽബൺ സ്റ്റാർസിനെതിരെ 27 പന്തിൽ 39 റണ്ണടിച്ചു. 2016ൽ ടെന്നീസിലേക്ക് തിരിച്ചെത്തി. 2017ൽ ആദ്യ സിംഗിൾസ് കിരീടം. അടുത്തവർഷം യുഎസ് ഓപ്പൺ ഡബിൾസിൽ അമേരിക്കക്കാരി കൊകൊ വാൻഡെവെഗിനൊപ്പം ചാമ്പ്യനായി. അടുത്തവർഷം ആദ്യ സിംഗിൾസ് ഗ്രാൻഡ്സ്ലാം കിരീടം. ആ വർഷത്തെ മികച്ച ടെന്നീസ് താരവുമായി. 2020ലെ കോവിഡ് സമയത്താണ് ഗോൾഫിലും ഒരു കെെ നോക്കുന്നത്.
ഫുട്ബോളിൽ ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗ് ക്ലബ് റിച്ച്മണ്ട് എഫ്സിയുടെ കടുത്ത ആരാധികയാണ്. അടുത്ത ചുവട് ഫുട്ബോളിലേക്കായാലും അത്ഭുതപ്പെടാനില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]