
കൊച്ചി
തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള) ആജീവനാന്ത ചെയർമാൻ സ്ഥാനത്തുനിന്ന് നടൻ ദിലീപ് പുറത്താകുന്നു. ദിലീപും നിർമാതാവ് ആന്റണി പെരുമ്പാവൂരും വഹിക്കുന്ന ആജീവനാന്ത ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ നിർത്തലാക്കാനുള്ള നീക്കത്തിലാണ് സംഘടന. കൊച്ചിയിൽ 31ന് ചേരുന്ന ഫിയോക് ജനറൽബോഡിയിൽ ബൈലോ ഭേദഗതി പാസാക്കും. തിയറ്റർ ഉടമകളുടെ ഏകസംഘടനയായിരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളർത്തി 2017ൽ ഇരുവരും ചേർന്ന് രൂപീകരിച്ചതാണ് ഫിയോക്.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് വർഷങ്ങളായി ഫിയോക്കിൽ ദിലീപ് സജീവമല്ല. ‘ദൃശ്യം’ രണ്ടാംഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന്റെ പേരിൽ ആന്റണി പെരുമ്പാവൂർ ഫിയോക്കിൽനിന്ന് രാജിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നേതൃസ്ഥാനത്തേക്ക് മറ്റുള്ളവർക്കുകൂടി കടന്നുവരാനാകുന്നവിധത്തിൽ ബൈലോ ഭേദഗതി ചെയ്യുന്നത്. എന്നാൽ, ആജീവനാന്ത ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ നിയമവിരുദ്ധമാണെന്നതിനാലാണ് ബൈലോ ഭേദഗതി ചെയ്യുന്നതെന്ന് ഫിയോക് ജനറൽ സെക്രട്ടറി സുമേഷ് ജോസഫ് പറഞ്ഞു. കോടതിയിൽ ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന് നിയമോപദേശം കിട്ടിയിരുന്നു. കാലാവധി രണ്ടുവർഷത്തേക്ക് വ്യവസ്ഥ ചെയ്താണ് ഭേദഗതി. രണ്ടുവർഷത്തേക്കാണ് ഭാരവാഹികളുടെയും ഭരണസമിതിയുടെയും കാലാവധിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 31ന് നടക്കും.
ഫിയോക് എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കാനുള്ള യോഗ്യതയും പുതുതായി ബൈലോയിൽ ഉൾപ്പെടുത്തും. തിയറ്റർ ഉടമകൾക്കുപുറമെ മറ്റ് സിനിമാ സംഘടനകളുടെ നേതൃത്വത്തിലുള്ളവരെയും ഉൾപ്പെടുത്തിയാണ് 2017ൽ ഫിയോക് രൂപീകരിച്ചത്. ഇത് തിയറ്റർ ഉടമകളുടെ താൽപ്പര്യസംരക്ഷണത്തിന് തടസ്സമായതായി വിലയിരുത്തിയിരുന്നു. നിർമാതാക്കളും വിതരണക്കാരും ഫിയോക് നേതൃത്വത്തിൽ വരുന്നത് ഗുണകരമല്ലെന്ന തിരിച്ചറിവിന്റെ ഭാഗമായാണ് ഭാരവാഹിത്വയോഗ്യത വ്യവസ്ഥ ചെയ്യുന്നത്.
നിർമാതാക്കളുമായുണ്ടായ തർക്കത്തിന്റെ പേരിൽ നടന്ന സമരത്തെ തുടർന്നാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളർത്തി ഫിയോക് രൂപീകരിച്ചത്. സിനിമകളിൽ തിയറ്റർ ഉടമകളുടെ വിഹിതം ഉയർത്തണമെന്ന ആവശ്യമുന്നയിച്ച് ഫെഡറേഷൻ പുതിയ സിനിമകളുടെ റിലീസ് നിർത്തിവച്ചു. തുടർന്ന് മുൻനിര താരങ്ങളുടെകൂടി സഹകരണത്തോടെ ഫെഡറേഷനെ പിളർത്തി ദിലീപിന്റെ നേതൃത്വത്തിൽ ഫിയോക് രൂപീകരിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]