
ന്യൂഡൽഹി
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള പരിസ്ഥിതി ആഘാതപഠനം പഠനം അന്തിമഘട്ടത്തിലാണെന്നും മൂന്നോ നാലോ മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും കേരളം സുപ്രീംകോടതിയിൽ. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ അന്തിമവാദം കേൾക്കുമ്പോൾ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് എപ്പോൾ പഠനം പൂർത്തിയാക്കുമെന്ന് ആരാഞ്ഞത്.
പുതിയ അണക്കെട്ട് മാത്രമാണ് സുരക്ഷാഭീഷണിക്കുള്ള ശാശ്വതപരിഹാരമെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും അഡ്വ. ജി പ്രകാശും ചൂണ്ടിക്കാണിച്ചു. പരിസ്ഥിതി ആഘാതപഠനത്തിനുള്ള പരിഗണനാവിഷയങ്ങൾക്കുള്ള അനുമതി ലഭിച്ചു. പഠനം അന്തിമഘട്ടത്തിലാണ്.
ജലനിരപ്പ് 142 അടിയാക്കിയ വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം എന്താണെന്ന് കോടതി കേരളത്തിനോട് ചോദിച്ചു. കേരളത്തിലെ കാലാവസ്ഥാമാറ്റങ്ങൾ കണക്കിലെടുക്കണമെന്ന് അഭിഭാഷകർ മറുപടി നൽകി. കേരളത്തിലെയും തമിഴ്നാട്ടിലെയും സാങ്കേതികവിദഗ്ധരെക്കൂടി ഉൾപ്പെടുത്തി മേൽനോട്ടസമിതി പുനഃസംഘടിപ്പിക്കണം.
ജലനിരപ്പ് വർഷത്തിൽ രണ്ടു പ്രാവശ്യം 142 അടിവരെയായി ഉയർത്താമെന്ന തമിഴ്നാടിന്റെ റൂൾകർവ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കേരളത്തിൽ കനത്ത മഴയുള്ളപ്പോൾ ഈ നീക്കം വലിയ ആശങ്കയുണ്ടാക്കുന്നു. വലിയ മഴയുള്ളപ്പോൾ 140 അടിവരെ ജലം ഉയർത്തിയശേഷം രണ്ടടി ജലമില്ലാതെ നിലനിർത്തണം. മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടർ തുറക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ്. അണക്കെട്ടിലെ 70 ശതമാനം ഉപകരണങ്ങളും കാലഹരണപ്പെട്ടു. ഷട്ടറുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള വിഷയത്തിൽ തീരുമാനമെടുക്കാൻ ഇടുക്കി, തേനി കലക്ടർമാർ അംഗങ്ങളായ സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. വ്യാഴാഴ്ചയും കേരളത്തിന്റെ വാദം തുടരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]