
തുവ്വൂരില്‍ നടന്നത് ദൃശ്യം മോഡല്‍ കൊലപാതകമെന്ന് മലപ്പുറം എസ്.പി. സുജിത്ദാസ്. നാലുപേര്‍ ചേര്‍ന്നാണ് തുവ്വൂര്‍ സ്വദേശി സുജിതയെ കൊലപ്പെടുത്തിയതെന്നും കൃത്യം നടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ട് അതിന് മുകളില്‍ മെറ്റലും ഹോളോബ്രിക്സും എം.സാൻഡും നിരത്തിയിരുന്നതായും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്നും എസ്.പി. വെളിപ്പെടുത്തി.
ഓഗസ്റ്റ് 11-ാം തീയതി മുതല്‍ കാണാതായ തുവ്വൂര്‍ സ്വദേശി സുജിതയെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കൊലപ്പെടുത്തിയത്. വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ് എന്നിവരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് എസ്.പി.യുടെ വിശദീകരണം. ഇവര്‍ നാലുപേരും അറസ്റ്റിലാണ്. കൊലപാതകം നടന്ന വിവരവും മൃതദേഹം മറവുചെയ്ത കാര്യവും വിഷ്ണുവിന്റെ അച്ഛനും അറിയാമായിരുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
വിഷ്ണുവും സുജിതയും പരിചയമുള്ളവരാണ്. യുവതിയെ കാണാതായതിന് പിന്നാലെ സംശയമുള്ളവരുടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. യുവതിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടോ എന്നതും അന്വേഷിച്ചു. ഈ അന്വേഷണത്തില്‍ വിഷ്ണു ഒരു ജൂവലറിയില്‍ സ്വര്‍ണം പണയംവെച്ചതായി കണ്ടെത്തി. ഇതോടെ ഇയാള്‍ സംശയനിഴലിലായിരുന്നു. ഓഗസ്റ്റ് 11-ാം തീയതി രാവിലെയാണ് കൊലപാതകം നടന്നത്. വിഷ്ണുവും ഇയാളുടെ രണ്ട് സഹോദരങ്ങളും സുഹൃത്തായ ഷഹദും ചേര്‍ന്നാണ് കൃത്യം നടത്തിയത്.
കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായ സുജിത, പി.എച്ച്.സി.യിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഓഫീസില്‍നിന്നിറങ്ങിയത്. എന്നാല്‍, വിഷ്ണുവിന്റെ വീട്ടിലേക്കാണ് ഇവര്‍ എത്തിയത്. യുവതിയെയും കാത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നു. ഈ സമയം മറ്റുപ്രതികളും പുറത്ത് കാത്തിരിക്കുകയായിരുന്നു. വീടിനുള്ളില്‍വെച്ച് വിഷ്ണു യുവതിയെ കണ്ടു. ഈ സമയം മറ്റുപ്രതികളും വീട്ടിലേക്ക് കടന്ന് യുവതിയെ ആക്രമിച്ചു. ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചപ്പോള്‍ യുവതി ബോധംകെട്ട് നിലത്തുവീണു. തുടര്‍ന്ന് കഴുത്തില്‍ കയര്‍ കുരുക്കി ജനലില്‍ കെട്ടിവലിക്കുകയായിരുന്നു. ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. ഇതിനിടെ, യുവതിയുടെ സ്വര്‍ണാഭരണങ്ങളും പ്രതികള്‍ കവര്‍ന്നു. ഉച്ചയോടെ വിഷ്ണുവാണ് സ്വര്‍ണാഭരണം പണയംവെക്കാനായി കൊണ്ടുപോയത്.
ഇതിന്റെ പണം ഇയാള്‍ മറ്റുപ്രതികള്‍ക്കും വീതിച്ചുനല്കി.
അന്നേദിവസം അര്‍ധരാത്രിയോടെയാണ് മൃതദേഹം മറവുചെയ്തത്. വീടിന്റെ പിറകില്‍ മാലിന്യം നിക്ഷേപിക്കുന്ന ഒരു കുഴിയുണ്ടായിരുന്നു. അത് വലുതാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ശേഷം അവിടെ മണ്ണിട്ട് നികത്തി. ഹോളോബ്രിക്സുകളും മെറ്റലും എം.സാൻഡും അവിടെ നിരത്തി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിര്‍മാണപ്രവൃത്തി നടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്നും എസ്.പി. വിശദീകരിച്ചു.
എന്താണ് കൊലപാതകത്തിന് കാരണമായതെന്ന് കണ്ടെത്താൻ ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നായിരുന്നു എസ്.പി.യുടെ പ്രതികരണം. സ്വര്‍ണം കവര്‍ന്നത് മാത്രമാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. യുവതിയെ കൊലപ്പെടുത്താൻ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് പ്രതികളെ കൂടുതല്‍ ചോദ്യംചെയ്താലേ വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യം മോഡല്‍ കൊലപാതകമാണ് പ്രതികള്‍ നടപ്പിലാക്കിയത്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാനായിരുന്നു പദ്ധതി. യുവതിയെ കാണാതായ സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണു വലിയ പ്രചരണമാണ് നടത്തിയത്. പോലീസ് സ്റ്റേഷൻ മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു. വിഷ്ണുവിന്റെ അനുജൻ നേരത്തെ പോക്സോ കേസില്‍ പ്രതിയാണെന്നും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നും എസ്.പി. പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ഫൊറൻസിക് സര്‍ജന്റെ സാന്നിധ്യത്തിലാണ് കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തിന് പത്തുദിവസത്തെ പഴക്കമുള്ളതിനാല്‍ വിശദമായ പരിശോധന നടത്തും. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.
The post മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാന്‍ നീക്കം; തുവ്വൂരിലേത് ദൃശ്യം മോഡല്‍ കൊലയെന്ന് പോലീസ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]