
തിരുവനന്തപുരം : കടമെടുപ്പ് അനുമതി വൈകിപ്പിച്ചും ഗ്രാൻറ് വെട്ടിച്ചുരുക്കിയുമുള്ള കേന്ദ്ര നടപടികൾ കാരണം സാമൂഹ്യ ക്ഷേമ പെൻഷൻ ഘടനയിൽ മാറ്റം വരുത്താനുള്ള നീക്കവുമായി സംസ്ഥാന സർക്കാര്‍. ക്ഷേമ പെൻഷൻ മൂന്ന് മാസത്തിലൊരിക്കൽ ആക്കുന്നത് അടക്കം ബദൽ നിര്‍ദ്ദേശങ്ങൾ ധനവകുപ്പിന്റെ സജീവ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമ്പത്തിക കാര്യങ്ങളിൽ അസാധാരണ ഇടപെടലാണ് കേന്ദ്രത്തിന്റേതെന്ന് ധനമന്ത്രി ആരോപിച്ചു.
മുടക്കമില്ലാതെ നൽകുമെന്ന് ഇടത് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ സംസ്ഥാനത്തിപ്പോൾ ക്ഷേമ പെൻഷൻ മൂന്ന് മാസത്തെ കുടിശികയായി. പ്രതിമാസ പെൻഷൻ മുടക്കമില്ലാതെ നൽകാനാണ് സാമൂഹ്യ ക്ഷേമ പെൻഷൻ കമ്പനി രൂപീകരിച്ചതെങ്കിലും കിഫ്ബിയും കമ്പനിയും എടുത്ത 14,312 കോടി വായ്പ കേരളത്തിന്റെ വായ്പ പരിധിയിൽ നിന്ന് വെട്ടിക്കുറക്കാൻ കേന്ദ്ര തീരുമാനിച്ചതോടെ വലിയ പ്രതിസന്ധിയിലാണ്.
പണം സമാഹരിച്ച് കിട്ടുന്ന മുറയ്ക്ക് രണ്ടോ മൂന്നോ മാസത്തെ തുക ഒരുമിച്ച് നൽകിയാണ് നിലവിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. കേന്ദ്രം പെൻഷൻ കമ്പനിയിൽ പിടിമുറുക്കിയതോടെ പ്രതിമാസ പെൻഷൻ പതിവ് മാറ്റി പണം കിട്ടുന്ന മുറയ്ക്ക് കുടിശിക തീർക്കുന്നത് അടക്കം ബദൽ മാർഗങ്ങളാണ് ആലോചനയിലുള്ളത്. മൂന്ന് മാസത്തിലൊരിക്കൽ ഒരിക്കലോ മറ്റോ കാലാവധി നിശ്ചയിച്ച് പണം നൽകുന്നതാകും പ്രായോഗികമെന്ന ചര്‍ച്ച ഇതിനകം ഉയര്‍ന്ന് വന്നിട്ടുമുണ്ട്. ക്ഷേമപെൻഷൻ ആനുകൂല്യങ്ങളിലെ കേന്ദ്ര വിഹിതവും രണ്ട് വര്‍ഷമായി കുടിശികയാണ്. ക്ഷേമ പെൻഷൻ വിതരണം മാത്രമല്ല ശമ്പള പെൻഷൻ കുടിശിക വിതരണം വരെയുള്ള കാര്യങ്ങളെല്ലാം കേന്ദ്ര നിലപാടിൽ കുരുങ്ങി പ്രതിസന്ധിയിലാണ്. അത്യാവശ്യ ചെലവുകൾക്ക് അനുവദിച്ച 2000 കോടി വായ്പ മാത്രമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ ഇതുവരെ കേരളത്തിന് എടുക്കാനായത്.
ഒരു സാമ്പത്തിക വര്‍ഷം കടമെടുക്കാവുന്ന തുക ഏപ്രിൽ പകുതിയോടെ അതാത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച് നൽകും. ഓരോ സംസ്ഥാനവും ആവശ്യപ്പെടുന്നത് അനുസരിച്ച് ആ തുകയ്ക്ക് അനുമതി നൽകും. ഇതാണ് പതിവ്. കേരളത്തിന് അനുവദിച്ച 32440 കോടി രൂപ വായ്പാ പരിധിയിൽ നിന്ന് ഡിസംബര്‍ വരെയുള്ള 9 മാസത്തേക്കുള്ള വായ്പ തുകക്ക് കേരളം അനുമതി തേടിയെങ്കിലും കേന്ദ്ര തീരുമാനം അനിശ്ചിതമായി വൈകുകയാണ്. ഇതോടെ അത്യാവശ്യ ചെലവുകൾക്ക് പോലും പണം ഇല്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങൾക്ക് റവന്യു വരുമാനത്തിന്റെ 50 ഉം 60 ശതമാനം കേന്ദ്ര വിഹിതം അനുവദിക്കുമ്പോൾ കേരളത്തിന് കിട്ടുന്നത് വെറും 35 ശതമാനം മാത്രമാണ്.
The post കേന്ദ്രം ഗ്രാന്റ് വെട്ടി, പണമില്ലാതായതോടെ സാമൂഹ്യ ക്ഷേമ പെൻഷൻ ഘടനയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]