
തിരുവനന്തപുരം: സില്വര്ലൈന് അതിര്ത്തികല്ലുകള് പിഴുതുമാറ്റുന്നവര്ക്കെതിരെ പൊതുമുതല് നശീകരണത്തിന് കേസെടുത്തു തുടങ്ങി.
കല്ലൊന്നിന് 2500 രൂപയ്ക്കുമേല് പിഴയീടാക്കും. ജാമ്യമില്ലാക്കുറ്റം ചുമത്തിയാല് ഈ തുക കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ. പരസ്യ പ്രതിഷേധം നടത്തി കല്ലുകള് പിഴുതുമാറ്റുന്നവരുടെ ദൃശ്യങ്ങള് സഹിതം കെറെയില് നല്കിയ പരാതികളിലാണ് കേസ്. സംസ്ഥാനത്താകെ നൂറിലേറെ കേസുകളെടുത്തിട്ടുണ്ട്.
പൊതുമുതല് നശീകരണത്തിനും പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ കൃത്യനിര്വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുക്കുന്നത്.
എന്നാൽ രാത്രിയില് രഹസ്യമായി കല്ലുകള് പിഴുതുമാറ്റുന്ന സംഭവങ്ങളില് പരാതി നല്കിയിട്ടില്ല. ഒരു കല്ലിടാന് കരാറുകാര്ക്ക് കെറെയില് ആയിരം രൂപ നല്കുന്നുണ്ട്. പ്രതിഷേധം കാരണം സുരക്ഷയൊരുക്കാന് 7000രൂപ പ്രതിദിനം ചെലവുണ്ട്. മേല്നോട്ട, ഗതാഗത ചെലവെല്ലാം ചേര്ന്ന് വന്തുകയാവും. മൂന്നു കരാറുകാരാണ് കല്ലിടുന്നത്. 24,000 കല്ലുകള് സ്ഥാപിക്കേണ്ട സ്ഥാനത്ത് 6100കല്ലുകളാണിട്ടത്.
530കിലോമീറ്റര് പാതയില് 160കിലോമീറ്ററില് മാത്രമാണ് കല്ലിടാനായത്. സമരക്കാരെ നേരിടുന്നതില് പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടാകരുതെന്നും മനുഷ്യാവകാശ ലംഘനമുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഡി.ജി.പി അനില്കാന്ത് നിര്ദ്ദേശം നല്കിയിട്ടുണ്ട്.
പൊലീസുകാര് നെയിംബോര്ഡ് ധരിക്കാതെ എത്തുന്നത് സമരക്കാര് ചോദ്യം ചെയ്യുന്നുണ്ട്. ബഹളത്തിനിടെ നെയിംബോര്ഡ് നഷ്ടപ്പെടാതിരിക്കാനാണിതെന്നാണ് പൊലീസിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]