
ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിന്റെ എട്ട് സഹോദരങ്ങളിൽ ഇളയവളായ സുഹാസിനി ചതോപാധ്യായ പക്ഷേ അറിയപ്പെട്ടത് ആ പെരുമയിലായിരുന്നില്ല. തന്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ പേരിലായിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയിലെ ആദ്യ വനിതാ അംഗമായ അവർ മൗ സെ ദൊങ്ങുമായി കൂടിക്കാഴ്ച നടത്തിയ ആദ്യ ഇന്ത്യൻ വനിതയുമാണ്. ചിത്രകാരിയും ഗായികയും നർത്തകിയുമായുള്ള സർഗാത്മക ജീവിതത്തോളം പ്രാധാന്യമുണ്ടായിരുന്നു അവരുടെ രാഷ്ട്രീയ ജീവിതത്തിനും.
ഓക്സ്ഫോഡിലും ജർമനിയിലും റഷ്യയിലും ഉപരിപഠനം നടത്തിയ സുഹാസിനിയെ കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകർഷിച്ചത് സഹോദരൻ വീരേന്ദ്രനാഥ് ചതോപാധ്യായ ആണ്. ഒക്ടോബർ വിപ്ലവത്തിനുശേഷം സുഹാസിനി ഈസ്റ്റേൺ യൂണിവേഴ്സിറ്റി ഫോർ ഏഷ്യൻ സ്റ്റുഡന്റ്സിൽ പഠിച്ചു. സോവിയറ്റ് കമ്യൂണിസ്റ്റ് പാർടിയുമായും ചൈനീസ് പാർടിയുമായും ബന്ധം സ്ഥാപിച്ചു. മീററ്റ് ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട അമീർ ഹൈദർഖാന് ഒളിവിൽ സൗകര്യമൊരുക്കിയതും ഈ വിപ്ലവപ്പെൺകൊടിയാണ്.
താഷ്കന്റിലുമെത്തി സുഹാസിനി
ഇന്ത്യൻ കമ്യൂണിസ്റ്റ്പാർടി രൂപീകരണയോഗം 1920ൽ താഷ്കന്റിൽ ചേരുമ്പോൾ സുഹാസിനി നഗരത്തിലുണ്ടായിരുന്നു. യോഗത്തിനുള്ള സൗകര്യമൊരുക്കാനും സഹായിച്ചു. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നിർദേശപ്രകാരമാണ് ഇന്ത്യയിലേക്ക് തിരികെ വന്നത്. ബീഗം നസ്രത്ത്മഹൽ ഉൾപ്പെടെയുള്ളവർ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കി സുഹാസിനിയെ പിടിച്ചുനിർത്തി. മദിരാശി പഠനകാലത്ത് പരിചയപ്പെട്ട സാഹിത്യകാരൻ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനും പത്രപ്രവർത്തകനും സ്വാതന്ത്ര്യപോരാളിയുമായ തലശേരിക്കടുത്ത പൊന്ന്യം കപ്പരട്ടി ഭവനത്തിലെ അറത്തിൽ കണ്ടോത്ത് നാരായണൻ നമ്പ്യാരെ(എ സി എൻ നമ്പ്യാർ) 1920ൽ വിവാഹം കഴിച്ചു. ഹ്രസ്വമായ ദാമ്പത്യജീവിതമായിരുന്നെങ്കിലും അതുവഴി മലയാളത്തിന്റെ മരുമകളുമായി. പിന്നീട് ബോംബെയിലെ ട്രേഡ്യൂണിയൻ പ്രവർത്തകൻ ആർ എം ജംബേക്കറെ സുഹാസിനി ജീവിതപങ്കാളിയാക്കി. ജംബേക്കറിനൊപ്പം ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് ലുഷാവ്ചിയെയും സന്ദർശിച്ചിരുന്നു.
ചിത്രവും സംഗീതവും നൃത്തവും
1951നുശേഷം സജീവ രാഷ്ട്രീയംവിട്ട് ചിത്രകലയിലും നൃത്തത്തിലും സംഗീതത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു. തൊഴിലാളി സ്ത്രീകളുടെ സാന്നിധ്യം ആദ്യകാല ചിത്രങ്ങളിൽ നിറഞ്ഞുനിന്നു. സുഹാസിനിയുടെ ജീവിതകഥ ‘സുഹാസിനി: സർഗാത്മക രാഷ്ട്രീയം’ വൈകാതെ പുറത്തുവരും. ലളിതകലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രന്റേതാണ് രചന.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]