
തിരുവനന്തപുരം > കേരളത്തിൻ്റെ വ്യവസായ മേഖലയിൽ കുതിച്ചു ചാട്ടം സൃഷ്ടിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര വില്ലേജിൽ 298 ഏക്കറും പുതുശ്ശേരി സെൻട്രൽ – I വില്ലേജിൽ 653 ഏക്കറും പുതുശ്ശേരി സെൻട്രൽ – II വില്ലേജിൽ 558 ഏക്കറും പുതുശ്ശേരി സെൻട്രൽ – III വില്ലേജിൽ 375 ഏക്കറും അയ്യമ്പുഴയിൽ GIFT CITY സ്ഥാപിക്കുന്നതിനായി 358 ഏക്കറും ഉൾപ്പെടെ മൊത്തം 2242 ഏക്കർ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്. അതിൽ 87 ശതമാനം ഭൂമിയുടേയും ഏറ്റെടുക്കൽ 2022 മെയ് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും ദീർഘിപ്പിക്കുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രാലയം അംഗീകാരം നൽകുകയും തുടർന്ന് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ എന്ന പ്രത്യേക കമ്പനി രൂപീകരിക്കുകയും ചെയ്തു. കിഫ്ബി വഴിയാണ് പദ്ധതിയുടെ ധനസമാഹരണം നടത്തുന്നത്. വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്രയാണ് കൊച്ചി-ബംഗളൂരു വ്യാവസായ ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി.
പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക ബാധ്യതകളില്ലാതെയാണ് ഭൂമി കമ്പനിക്ക് കൈമാറുന്നത്.
ഭൂമിയുടെ വിലയ്ക്ക് തുല്യമായ ധനസഹായം കേന്ദ്ര സർക്കാർ നൽകും. വ്യവസായ ഇടനാഴി പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലും പുരോഗതി അവലോകനം നടത്തുന്നുണ്ട്. വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലും തുടർ പ്രവർത്തനങ്ങളും സസൂക്ഷ്മം വിലയിരുത്തുന്നതിനായി പോർട്ടൽ വഴി മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 22,000 പേര്‍ക്ക് നേരിട്ടും 80,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ സൃഷ്ടിക്കാൻ സാധിക്കുന്ന ഈ ബൃഹദ് പദ്ധതിയ്ക്ക് കേരളത്തിൻ്റെ പുരോഗതിയിൽ നിർണായക സംഭാവനകൾ നൽകാൻ സാധിക്കും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]