
മണിപ്പൂരില്‍ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളില്‍ ഒരാള്‍ കാര്‍ഗിലില്‍ സേവനമനുഷ്ഠിച്ച സൈനികന്റെ ഭാര്യ. രാജ്യത്തെ സംരക്ഷിച്ച തനിക്ക് ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ സാധിച്ചില്ലെന്ന് സൈനികൻ ഇന്ത്യാ ടിവിയോട് പ്രതികരിച്ചു.
‘കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പോരാടി, ഇന്ത്യന്‍ സമാധാന സേനയുടെ ഭാഗമായി ശ്രീലങ്കയിലും ഉണ്ടായിരുന്നു. ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു, എന്നാല്‍ വിരമിച്ചതിന് ശേഷം എനിക്ക് എന്റെ വീടിനെയും ഭാര്യയെയും സഹ ഗ്രാമീണരെയും സംരക്ഷിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്’ വിമുക്തഭടന് പ്രതികരിച്ചു.
‘ഞാന്‍ അതീവ ദുഖിതനാണ്. പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും നടപടിയൊന്നും എടുത്തില്ല. വീടുകള്‍ കത്തിച്ചവര്‍ക്കും സ്ത്രീകളെ അപമാനിച്ചവര്‍ക്കും മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരിലെ സാമുദായിക കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ തൊട്ടുപിന്നാലെ മെയ് നാലിനാണ് മെയ്തി വിഭാഗത്തിലെ പുരുഷന്മാര് ചേര്‍ന്ന് സ്ത്രീകളെ ആക്രമിച്ചത്. സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷം വീഡിയോ പുറത്തുവന്നതോടെയാണ് കേസ് രജിസ്റ്റർ ചെയ്തതും നാല് പേരെ അറസ്റ്റ് ചെയ്തതും. പിന്നാലെ, പ്രധാനമന്ത്രിയും വിഷയത്തില്‍ പ്രതികരിച്ചു.
‘മണിപ്പൂരിലെ പെണ്മക്കള്ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാവില്ല. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പുനല്‍കുന്നു. നിയമം അതിന്റെ എല്ലാ ശക്തിയോടെയും പ്രവര്‍ത്തിക്കും. എന്റെ ഹൃദയം വേദനയും കോപവും കൊണ്ട് നിറഞ്ഞിരിക്കുന്നു. മണിപ്പൂരിലെ സംഭവം ഏതൊരു പരിഷ്കൃത സമൂഹത്തിനും ലജ്ജാകരമാണ്.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
മണിപ്പൂർ കലാപം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴാണ് വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം പുറത്തുവന്നത്.
The post രാജ്യത്തിനായി പോരാടി, പക്ഷേ ഭാര്യയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല; മണിപ്പൂരില്‍ ആക്രമണത്തിന് ഇരയായവരില്‍ സൈനികന്റെ ഭാര്യയും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]